ലൈംഗീക ഉദ്ദേശ്യത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ സ്പര്‍ശിക്കുന്നത് കുറ്റകരമല്ല; 28കാരനെ കുറ്റവിമുതനാക്കി പോക്സോ കോടതി
ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോക്സോ കോടതിയുടെ വിധിയാണ് ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്. ലൈംഗീക ഉദ്ദേശ്യമില്ലാതെ കുട്ടിയുടെ കവിളില്‍ സ്പര്‍ശിക്കുന്നത് കുറ്റകരമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. 28 കാരനെ കുറ്റക്കാരനല്ലെന്ന് വിധിച്ച് വെറുതെ വിട്ട് കൊണ്ടാണ് കോടതിയുടെ അസാധാരണ നിരീക്ഷണം.
അഞ്ച് വയസുകാരിയായ പെണ്‍കുട്ടിയുടെ അമ്മയെ പീഡിപ്പിച്ചുവെന്ന കുറ്റം ആരോപിക്കപ്പെടുന്ന 28 കാരനെയാണ് പെണ്‍കുട്ടിക്കെതിരായ അക്രമത്തിന് തെളിവില്ലെന്ന് ചുണ്ടിക്കാട്ടി കുറ്റക്കാരനല്ലെന്ന് വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. റഫ്രിജറേറ്റര്‍ നന്നാക്കാനായാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് റഫ്രിജറേറ്ററിന്റെ സ്പെയര്‍ പാര്‍ട്ട്സ് വാങ്ങാന്‍ പുറത്തുപോയ ഇയാള്‍ വീണ്ടും എത്തി. തിരിച്ചെത്തിയ ഇയാള്‍ അഞ്ച് വയസുള്ള കുട്ടിയുടെ കവിളില്‍ തുടരെ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ ഇതിനെ എതിര്‍ത്ത് വാഷിംഗ് മെഷീന്‍ നന്നാക്കണമെന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയി.
തുടര്‍ന്ന് അടുക്കളയില്‍ ആയിരുന്ന സമയത്ത് യുവതിയെ ഇയാള്‍ പിന്നില്‍ നിന്ന് പിടിക്കുകയും ചെയ്തു. നന്നാക്കിയ പണം കൊടുത്ത് ഇയാളോട് എത്രയും വേഗം വീട്ടില്‍ നിന്ന് പോകാന്‍ പറഞ്ഞുവെങ്കിലും അത് കൂട്ടാക്കാതെ അയാള്‍ വീട്ടില്‍ നിന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പോലീസ് അയാളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു. 33 കാരിയുടെ ഹര്‍ജി പരിഗണിച്ച കോടതി കുട്ടിയുടെ അമ്മയെ പീഡിപ്പിച്ച കുറ്റത്തിന് പ്രതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ കുട്ടിക്കെതിരായ അതിക്രമത്തില്‍ അയാളെ കുറ്റവിമുകതനാക്കുകയും ചെയ്തു.