എല്ലാ തടസ്സങ്ങളെയും ഭേദിച്ച് കടുവ ജൂലൈ 7ന്; പ്രഖ്യാപനവുമായി പൃഥ്വിരാജ്
കൊച്ചി:പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കടുവയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ജൂലൈ ഏഴിനാണ് ചിത്രം തിയറ്ററിലെത്തുക. ”എല്ലാ തടസ്സങ്ങളെയും ഭേദിച്ച് കടുവ ജൂലൈ 7ന് തീയറ്ററുകളിൽ എത്തുന്നു” എന്ന പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിൽ കുറിച്ചു. ചിത്രം ജൂൺ 30 ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ചില അപ്രതീക്ഷിത കാരണങ്ങളാൽ റിലീസ് തിയതി മാറ്റുകയാണെന്ന് പൃഥ്വിരാജ് തന്നെ പിന്നീട് വ്യക്തമാക്കുകയായിരുന്നു. വലിയ സ്വപ്നങ്ങൾ, വലിയ തടസ്സങ്ങൾ, ശക്തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണെന്ന് പറഞ്ഞുകൊണ്ടാണ് പൃഥി റിലീസ് തിയതി മാറ്റിയതു സംബന്ധിച്ച തന്റെ കുറിപ്പ് തുടങ്ങിയിരുന്നത്.
‘കടുവ’ അഞ്ച് ഭാഷകളിൽ പ്രദർശനത്തിന് എത്തുമെന്ന് നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും കടുവ.
അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ്പ്രധാനവേഷങ്ങളിലെത്തുന്നത്.’കടുവക്കുന്നേൽ കുറുവച്ചൻ’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം. ജേക്ക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
കടുവ എന്ന സിനിമ നിലവിലെ രൂപത്തിൽ റിലീസ് ചെയ്താൽ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടി പാലാ സ്വദേശിയും പ്ലാന്ററും കേരള കോൺഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേൽ ഹർജി നൽകിയിരുന്നു. ഇതേ തുടർന്നാണ് റിലീസ് വൈകിയത്. ജൂൺ 30നായിരുന്നു ആദ്യം റിലീസ് പ്രഖ്യാപിച്ചത്. പുതിയ റിലീസ് തീയതി ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.
നിങ്ങളുമായി വലിയൊരു സന്തോഷം പങ്ക് വെക്കുന്നു.. ഒരുപാട് പോരാട്ടങ്ങൾക്കും തടസങ്ങൾക്കും ഒടുവിൽ കടുവ നിങ്ങളുടെ മുൻപിലേക്ക് എത്തുകയാണ് … ജൂലൈ 7th, വ്യാഴാഴ്ച മുതൽ ഷാജി കൈലാസ് സിനിമയിലെ തന്നെ ഡയലോഗ് കടമെടുത്ത് പറയട്ടെ .. ” തൂണ് പിളർന്നും വരും ” അതാണ് ഈ കടുവ …
കടുവയെ കാണാൻ ഇന്ന് തന്നെ ടിക്കറ്റു ബുക്ക് ചെയ്യൂ ..
ഒരുപാട് അവകാശ വാദങ്ങൾ ഉന്നയിക്കുന്നില്ല .
വലിയ തള്ളൽ നടത്താൻ ഉദ്ദേശിക്കുന്നുമില്ല ..പക്ഷെ ഒരുറപ്പ് …കടുവ ഒരു പക്കാ മാസ്സ് എന്റർടൈനറാണ്
സിനിമകൾ വിജയിക്കട്ടെ. തീയേറ്ററുകൾ ഉണരട്ടെ
ജയ് ജയ് കടുവ