ഇന്ന് തൃക്കാക്കര വിധിയെഴുതും
കൊച്ചി∙ എൽഡിഎഫ് സർക്കാർ സെഞ്ച്വറി തികക്കുമോ, അതോ യുഡിഎഫ് സീറ്റ് നിലനിർത്തുമോ. തൃക്കാക്കര മണ്ഡലത്തിൽ ജനം മനസ്സിലൊളിപ്പിച്ച വിധി ഇന്ന് രേഖപ്പെടുത്തും. സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പിനായുള്ള ഒരുക്കം പൂർണമായി. 239 ബൂത്തുകളിലും വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കള്ളവോട്ട് തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
പ്രശ്നബാധിത ബൂത്തുകളൊന്നും ഇല്ല. എന്നാൽ, മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ചൊവ്വാഴ്ച പോളിങ് ബൂത്തുകളിലേക്ക് എത്തുക. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ആറിന് മോക്ക് പോളിങ് നടത്തി ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
കള്ളവോട്ടിന് സാധ്യതയുണ്ടെന്ന് യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. കള്ളവോട്ട് തടയാനായി എല്ലാ സജ്ജീകരണവും ഒരുക്കാൻ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ പറഞ്ഞു. മൈക്രോ ഒബ്സര്‍വര്‍മാരെയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തെയും നിയോഗിച്ചു. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഉപതെരഞ്ഞെടുപ്പ് ആവേശമാണ് തൃക്കാക്കരയിൽ കണ്ടത്. യുഡിഎഫ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിനെ യുഡിഎഫ് കളത്തിലിറക്കിയപ്പോൾ എല്ലാ ആകാംക്ഷകൾക്കും വിരാമമിട്ട് ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ജോ ജോസഫിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. മുതിർന്ന നേതാന് എഎൻ രാധാകൃഷ്ണനെയാണ് ബിജെപി രംഗത്തിറക്കിയത്. എൽഡിഎഫിന് 100 സീറ്റെന്ന മുദ്രാവാക്യം ഉയർത്തിയതോടെ മണ്ഡലം ചൂടുപിടിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും മണ്ഡലത്തിൽ സജീവമായി. അപ്പുറവും മോശമാക്കിയില്ല. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാനും യുവ നേതാക്കളും എകെ ആന്റണിയും വരെ സജീവമായി. ഇതിനിടെ അശ്ലീല വീഡിയോ അടക്കം ആരോപണ പ്രത്യാരോപണങ്ങളുടെ നീണ്ട നിര തന്നെയുണ്ടായി. പി സി ജോർജിന്റെ അറസ്റ്റും നടിയെ ആക്രമിച്ച കേസും ആളിക്കത്തി. ഇനി എല്ലാം വോട്ടർമാരുടെ കൈയിലാണ്. പ്രചാരണങ്ങളുടെ ഫലം ആർക്കനുകൂലമാകുമെന്നറിയാൻ ദിവസങ്ങൾ മാത്രം.