FeaturedHome-bannerKeralaNewsPolitics

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളിന് നിരോധനം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 31 ന് രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെ എക്‌സിറ്റ് പോൾ നടത്തുന്നതും എക്‌സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചതായി ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് സർവേ ഉൾപ്പെടെയുള്ള യാതൊരു തിരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്‌ട്രോണിക് മീഡിയയിൽ 29ന് വൈകുന്നേരം ആറ് മണി മുതൽ 31ന് വൈകുന്നേരം ആറ് മണി വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

അതേസമയം തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം അവസാന ലാപ്പിലേക്ക് കടന്നതോടെ ശക്തമായ വാദപ്രതിവാദങ്ങളുമായി മുന്നണികൾ കളം നിറയുകയാണ്. ഇടത് മുന്നണി സ്ഥാനാർത്ഥി ഡ‍ോ. ജോ ജോസഫിനെതിരായ വീഡിയോ പ്രചാരണവുമായി ബന്ധപ്പെട്ട വിവാദമാണ് അവസാന ദിവസങ്ങളിൽ വലിയ ചർച്ചയാകുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്നും വ്യവസായമന്ത്രി അഭിപ്രായപ്പെട്ടു.

ആരാണ് ഇങ്ങനെ ഒരു ദൃശ്യം കിട്ടിയാൽ പ്രചരിപ്പിക്കാത്തത് എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇത് കേരളത്തിനെതിരെയുള്ള വെല്ലുവിളിയാണ്. ഇത്തരം ഒരു പ്രതികരണത്തിലൂടെ പ്രതിപക്ഷ നേതൃ സ്ഥാനത്തിരിക്കാൻ താൻ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വി ഡി സതീശനെന്നും രാജീവ് പറഞ്ഞു. കോൺഗ്രസ് സ്വീകരിച്ച അധമമായ പ്രചാരണ രീതിക്കെതിരെ പല കോണുകളിൽ നിന്നും എതിർപ്പുണ്ട്. കോൺഗ്രസ്സിനുള്ളിൽ തന്നെ പ്രതിഷേധം ഉണ്ട്. അവർ ഇടത് പക്ഷത്തിന് വോട്ട് ചെയ്യണം. കോൺഗ്രസിനെ സ്നേഹിക്കുന്നവർ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പി രാജീവ് പറ‌ഞ്ഞു.

ജോ ജോസഫിന്റെ പേരിൽ വ്യാജ പേജ് ഉണ്ടാക്കി. അതിനെതിരെ പൊലീസിൽ പരാതി നൽകി. അതിനുപിന്നാലെയാണ് അശ്ലീല വിഡിയോ പ്രചരിപ്പിച്ചത്. കട്ടിലിനടിയിൽ ക്യാമറ വച്ചെന്ന സതീശന്റെ പരാമർശത്തിനും പി രാജീവ് മറുപടി നൽകി. പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അനുസരിച്ച് ഉയരണം. പ്രതിപക്ഷ നേതാവിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വീഡിയോ പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും ഒരേപോലെ കുറ്റകരമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു. സതീശൻ ഇതിനെ ന്യായീകരിക്കുകയാണ്. കോൺഗ്രസിനെ തുറന്നു കാണിക്കാൻ കിട്ടിയ അവസരം കൂടി ആണ് ഇതെന്നും സ്വരാജ് പറഞ്ഞു. തൃക്കാക്കരയിൽ മാധ്യമങ്ങളെ കാണവെയാണ് ഇരുവരും പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമ‍ർശനം ഉന്നയിച്ചത്.

തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേർ സി പി എം പ്രവർത്തകരാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് നേരത്തെ രംഗത്തെത്തിയിരുന്നു. പാലക്കാട് അറസ്റ്റിലായ ശിവദാസനും കൊല്ലം ശക്തികുളങ്ങരയിൽ അറസ്റ്റിലായ ആളും സി പി എം പ്രവർത്തകരാണ്. വോട്ട് കിട്ടാൻ എന്തും ചെയ്യുന്നവരാണ് സി പി എം പ്രവർത്തകർ. പാർട്ടി സെക്രട്ടറിയുടെ കട്ടിലിനടിയിൽ ഒളിക്യാമറ വച്ച ചരിത്രമുള്ളവരാണ്  എറണാകുളത്തെ പാർട്ടി പ്രവർത്തകർ. തോൽവി ഉറപ്പായ എൽ ഡി എഫ്, വ്യാജ വീഡിയോ കച്ചിത്തുരുമ്പ് ആക്കാനുള്ള ശ്രമത്തിലാണെന്നും വി ഡി സതീശൻ ആരോപിച്ചു. സ്ഥാനാർഥിക്കെതിരായ അപവാദ വീഡിയോ ആര് പ്രചരിപ്പിച്ചാലും അത് തെറ്റാണ്. അതിൽ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും തെറ്റാണെന്നും സതീശൻ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker