പി സി ജോർജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്, നാളെ സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം
കോട്ടയം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നാളെ പങ്കെടുക്കാനിരിക്കെ പി സി ജോർജിന് (P C George) തടയിട്ട് പൊലീസ്. വിദ്വേഷ പ്രസംഗ കേസിൽ ഫോർട്ട് അസി. കമ്മിഷണർ ഓഫീസിൽ നാളെ ഹാജരാകാനാണ് നിർദേശം. ഇതോടെ പി സി യുടെ പ്രചാരണം അനിശ്ചിതത്വത്തിൽ ആയി. സർക്കാരിന്‍റെ തൃക്കാക്കര നാടകം പുറത്തായെന്ന് പി സി ജോർജ് പ്രതികരിച്ചു. പി സി ജോർജിന്‍റെ അറസ്റ്റ് വർഗീയ വിഷം പരത്തുന്നവർക്കുള്ള ഫസ്റ്റ് ഡോസ് ആണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നാളെ പ്രചാരണത്തിൽ മറുപടി നൽകാൻ ഇരിക്കെ ആണ് പി സി ജോർജിന് പൊലിസ് തടയിട്ടത്. വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് രാവിലെ 11 മണിക്ക് ഹാജരാകണം എന്നാണ് ഫോർട്ട് അസി കമ്മീഷണറുടെ നിർദേശം. ഉച്ചയ്ക്ക് ശേഷമാണ് നോട്ടീസ് പി സി ജോർജിന് കിട്ടിയത്.
അന്വേഷണവുമായി സഹകരിക്കാം എന്ന ഉറപ്പിലാണ് ഉപാദികളോടെ ജോർജിന് ഹൈക്കോടതി ജാമ്യം നൽകിയത്. ഹാജർ ആകാതിരുന്നാൽ കോടതി അലക്ഷ്യം ആകുമോ എന്ന് നിയമ വിദഗ്ദറുമായി ആലോചിക്കുകയാണ് പി സി ജോർജ്. 33 വർഷമായി നിയമസഭാംഗമായിരുന്ന പി സി ജോർജ് നിയമത്തിന്‍റെ പിടിയിൽ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രായവും അസുഖവും കോടതി പരിഗണിച്ചു. മതവിദ്വേഷം ക്ഷണിച്ചുവരുത്തുന്ന പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും മറിച്ചായാൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. സമൂഹത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പി സി ജോർജിന്‍റെ പ്രസംഗമെന്നും ജാമ്യം അനുവദിച്ചാൽ ഇനിയും ഇത്തരം പ്രസംഗം ആവർത്തിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡിജിപി അറിയിച്ചു.
എന്നാൽ കുറ്റകൃത്യം ആവർത്തിക്കില്ലെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നും പി സി ജോർജിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കിഴക്കേക്കോട്ട, വെണ്ണല കേസുകളിൽ ജാമ്യം നൽകിയത്. തുടർന്ന് ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പി സി ജോർജ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നുമിറങ്ങി. ബിജെപി പ്രവത്തകർ ജയിൽ കവാടത്തിൽ സ്വീകരണം നൽകിയിരുന്നു. ഇതിനിടെ മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അറിയിച്ചു. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.