CrimeKeralaNews

വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം;പ്രതി രാംകുമാർ കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു. നേപ്പാൾ സ്വദേശി രാംകുമാർ ആണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. വൈകുന്നേരം നാലുമണിയോടെ വർക്കല കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായ പ്രതി കുഴഞ്ഞുവീണത്. ഉടൻതന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നേപ്പാൾ സ്വദേശി ആയ വീട്ടുവേലക്കാരിയുടെ സഹായത്തോടെ വീട്ടുകാരെ മയക്കി കിടത്തി മോഷണം നടത്തിയ കേസിൽ രാം കുമാറും ജനക് ഷായും ബുധനാഴ്‍ചയാണ് അറസ്റ്റിലായത്. വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങി അവശനായ നിലയിൽ നാട്ടുകാരാണ് രാം കുമാറിനെ അയിരൂര്‍ പോലീസിന് കൈമാറിയത്. വൈദ്യപരിശോധനയടക്കം നടത്തിയിരുന്നെങ്കിലും കാര്യമായ ആരോ​ഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നാണ് വിവരം.

ചൊവാഴ്ച രാത്രിയാണ് വീട്ടുജോലിക്കാരിയുടെ സഹായത്തോടെ രാംകുമാറും സംഘവും മോഷണം നടത്തിയത്. ഹരിഹരപുരം എല്‍.പി. സ്‌കൂളിന് സമീപത്തെ വീട്ടില്‍ 74-കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്‌സായ സിന്ധുവുമായിരുന്നു താമസിച്ചിരുന്നത്. ഇവരെ മൂന്നുപേരേയും മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും അപഹരിക്കുകയായിരുന്നു. 15 ദിവസമായി നേപ്പാള്‍ സ്വദേശിയായ യുവതി ഇവിടെ ജോലിക്കുവരുന്നുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രി വീട്ടുടമയായ ശ്രീദേവിയമ്മമ്മയുടെ മകന്‍ ഭാര്യ ദീപയെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍, മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് അയല്‍വീട്ടില്‍ വിളിച്ച് കാര്യമറിയിക്കുകയായിരുന്നു. അടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധു എത്തിയപ്പോള്‍ വീട്ടില്‍നിന്ന് നാലുപേര്‍ ഇറങ്ങി ഓടുന്നതാണ് കണ്ടത്. ബഹളം വെച്ച് നാട്ടുകാരെ കൂട്ടി വീട് തുറന്നു നോക്കിയപ്പോള്‍ ശ്രീദേവിയമ്മയേയും ദീപയേയും സിന്ധുവിനേയും ബോധരഹിതരായ നിലയില്‍ കണ്ടെത്തുകയായിരുന്നു.

പിന്നാലെ നടത്തിയ പരിശോധനയിൽ വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങിയ നിലയിൽ രാംകുമാറിനെ കണ്ടത്. ഇയാളെ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളില്‍ ഒരാളാണെന്ന് മനസിലായത്. ഇയാളുടെ ബാഗില്‍ സ്വര്‍ണ്ണവും പണവുമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒളിച്ചിരുന്ന മറ്റൊരാളെക്കൂടെ കണ്ടെത്തുകയായിരുന്നു. പിടികൂടിയ രണ്ടുപേരേയും അയിരൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു.

വീട്ടുജോലിക്ക് നിന്ന് യുവതിയടക്കം മൂന്ന്‌ പേരെ ഇനി കണ്ടെത്തേണ്ടതുണ്ട്. നാലംഗ സംഘം കറങ്ങി നടക്കുന്ന സി.സി.ടി.വി. ദൃശ്യം ലഭിച്ചിട്ടുണ്ട്. ആസൂത്രിതമായ മോഷണമാണെന്നാണ് പോലീസ് നിഗമനം. മോഷണം ലക്ഷ്യമിട്ടാണ് യുവതി വീട്ടുജോലി സമ്പാദിച്ചതെന്നാണ് അനുമാനം. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനിരയായ മൂന്നുപേരേയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker