EntertainmentKeralaNews

ചലച്ചിത്ര അക്കാദമി ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണം,സര്‍ക്കാരിനോട് ഇന്ദ്രന്‍സ്,ഇമെയില്‍ അയച്ചു

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ ഇന്ദ്രന്‍സ്. അക്കാദമി ചെയര്‍മാനും സെക്രട്ടറിയ്ക്കും ഇമെയില്‍ സന്ദേശം അയച്ച വിവരം ഇന്ദ്രന്‍സ് സ്ഥിരീകരിച്ചു.

കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നതമായ സ്ഥാപനത്തില്‍ ഭരണസമിതി അംഗമായി തന്നെ പരിഗണിച്ചതില്‍ നന്ദിയുണ്ടെന്ന് ഇന്ദ്രന്‍സ് പറയുന്നു. വിവിധ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ സിനിമകളുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും കലാസൃഷ്ടികള്‍ അയക്കുമ്പോള്‍ താന്‍ സമിതിയില്‍ അംഗമായിരുന്ന് പുരസ്‌കാര നിര്‍ണയം നടത്തുന്നത് ധാര്‍മികമായി ശരിയല്ലെന്നും ഇന്ദ്രന്‍സ് പറയുന്നു.

2021 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു.ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍.

എഴുപതുകള്‍ മുതല്‍ ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായി നിലകൊള്ളുന്ന അദ്ദേഹത്തിന് മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.ഗോപിനാഥന്‍, പ്രമുഖ സംവിധായകന്‍ സുന്ദര്‍ദാസ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

ദൂരദര്‍ശന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും ഡോക്യുമെന്ററി സംവിധായകനുമായ ബൈജു ചന്ദ്രന്‍, എഴുത്തുകാരും തിരക്കഥാകൃത്തുക്കളുമായ വി.ആര്‍.സുധീഷ്, സുസ്മേഷ് ചന്ത്രോത്ത്, സൗണ്ട് ഡിസൈനര്‍ ജിസ്സി മൈക്കിള്‍, സംവിധായികയും തിരക്കഥാകൃത്തുമായ സംഗീത പത്മനാഭന്‍, ഛായാഗ്രാഹകന്‍ വേണുഗോപാല്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.

സയ്യിദ് മിര്‍സ, സുന്ദര്‍ദാസ്, കെ.ഗോപിനാഥന്‍ എന്നിവര്‍ക്കു പുറമെ അന്തിമവിധിനിര്‍ണയ സമിതിയില്‍ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് ത്രിവേണി, ചലച്ചിത്രപിന്നണി ഗായിക ബോംബെ ജയശ്രീ, ഛായാഗ്രാഹകയും സംവിധായികയുമായ ഫൗസിയ ഫാത്തിമ, സൗണ്ട് ഡിസൈനര്‍ ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍ എന്നിവരും അംഗങ്ങളായിരിക്കും.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും.

പ്രാഥമികജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.ചലച്ചിത്രനിരൂപകന്‍ വി.കെ ജോസഫ് ആണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മനില സി.മോഹന്‍, ചലച്ചിത്രനിരൂപകനും തിരക്കഥാകൃത്തുമായ ഡോ.അജു കെ.നാരായണന്‍, സി.അജോയ് (മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

142 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ ഏഴെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. ഏപ്രില്‍ 28ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker