’23 ആം വയസിലായിരുന്നു രജിസ്റ്റര്‍ വിവാഹം, ഡിപ്രഷന്റെ സ്റ്റേജിലെത്തിയപ്പോള്‍ കിട്ടിയ സന്തോഷം’; സജിന്‍ പറയുന്നു!
കൊച്ചി: സാന്ത്വനത്തോളം പ്രേക്ഷകര്‍ സ്വീകരിച്ച മറ്റൊരു മലയാളം സീരിയല്‍ ഉണ്ടാകില്ല. സീരിയലുകള്‍ കുടുംബപ്രേക്ഷകരുടേതാണ് എന്ന ചിന്താഗതി മാറി യുവാക്കളും യുവതികളുമടക്കം എല്ലാവരും സാന്ത്വനം സീരിയല്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിലര്‍ക്ക് ചില ലൈഫ് ചെയ്ഞ്ചിങായിട്ടുള്ള സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഭാഗ്യം തുണച്ചപ്പോള്‍ അഭിനയിക്കാനുള്ള കഴിവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് സീരിയല്‍ സിനിമാ താരം സജിന്‍ ടി.പി. പ്ലസ്ടു സിനിമയിലൂടെയാണ് സജിന്‍ അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
ശേഷം ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് സാന്ത്വനം സീരിയലിലെ ശിവനായി അവതരിച്ചതോടെ കേരളക്കര മൊത്തം ശിവന്റേയും ഒപ്പം സജിന്റേയും ആരാധകരായി തുടങ്ങി. സാന്ത്വനത്തിലെ ശിവാഞ്ജലി കോമ്പോയ്ക്ക് അത്രയേറെ ആരാധകരാണ് ഇന്നുള്ളത്. ശിവനായി സജിന്‍ അഭിനയിക്കുമ്പോള്‍ അഞ്ജലിയായി നടി ഗോപിക അനിലാണ് അഭിനയിക്കുന്നത്. മുഖത്ത് ഭാവങ്ങള്‍ വരില്ലെന്ന് പറഞ്ഞ് പലരും പുച്ഛിച്ച് മടക്കി അയച്ചിട്ടുള്ളതിന്റെ നിരവധി പഴയ കഥകളും സജിന്‍ പറഞ്ഞിട്ടുണ്ട്.
സാന്ത്വനത്തിലെ ശിവനായ ശേഷം ആദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ അഭിമുഖത്തിനായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സജിന്‍. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദാമ്പത്യ ജീവിതം, അഭിനയ ജീവിതം എന്നിവയെ കുറിച്ചെല്ലാം സജിന്‍ മനസ് തുറന്നത്. ‘ഇരുപത്തിമൂന്നാം വയസില്‍ നടി ഷഫ്‌നയെ രജിസ്റ്റര്‍ വിവാഹം ചെയ്തതിനെ കുറിച്ചും ശിവനായപ്പോള്‍ ജീവിതം മാറിയതെങ്ങനെയെന്നും സജിന്‍ വെളിപ്പെടുത്തി. ഞാന്‍ അഭിനയിച്ച പ്ലസ് ടു സിനിമയില്‍ ഷഫ്‌നയായിരുന്നു നായിക. അപ്പോള്‍ മുതല്‍ ഇഷ്ടം തുടങ്ങിയിരുന്നു. ഷൂട്ടിങ് തീരാറായപ്പോള്‍ അവളോട് അത് തുറന്ന് പറഞ്ഞു. ആദ്യം അവള്‍ സമ്മതിച്ചില്ല. പിന്നെ ഓക്കെയായി.’
ഇരുപത്തിമൂന്നാം വയസിലാണ് രജിസ്റ്റര്‍ വിവാഹം വീട്ടുകാരറിയാതെ നടന്നത്. ഷഫ്‌നയുടെ ഫോട്ടോ അവിടെ ആരോ തിരിച്ചറിഞ്ഞ് ഷഫ്‌നയുടെ വീട്ടില്‍ അറിയിച്ചു. പിന്നെ ചെറിയ ബഹളവും പ്രശ്‌നങ്ങളും നടന്നു. ഇപ്പോള്‍ എല്ലാം പരിഹരിച്ചു. രണ്ട് കുടുംബക്കാരും സ്‌നേഹമാണ്. അഞ്ജലിയും ഷഫ്നയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. നെഗറ്റീവ്സ് ആണെങ്കിലും പോസിറ്റീവ്സ് ആണെങ്കിലും രണ്ട് പേരും തീര്‍ത്തും വ്യത്യസ്തരാണ്. അഞ്ജലിയെക്കാള്‍ വളരെ അധികം സ്ട്രോങാണ് ഷഫ്ന. എല്ലാം ഒറ്റയ്ക്ക് ചെയ്യാനുള്ള ധൈര്യം ഷഫ്നയ്ക്കുണ്ട്. അഞ്ജലി എന്ന കഥാപാത്രത്തിന് ആ ധൈര്യം ഇല്ല.’
‘ഷഫ്ന അഞ്ജലി എന്ന കഥാപാത്രത്തെ പോലൊരു പെണ്‍കുട്ടിയായിരുന്നുവെങ്കില്‍ ഒരിക്കലും പ്രണയിക്കില്ലായിരുന്നു. അവള്‍ വേറൊരു മോഡ് ആണ്. ഞാനും ഷഫ്നയ്ക്കും ശരിയ്ക്കും നല്ല സുഹൃത്തുക്കളാണ്. എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനെക്കാള്‍ കൂടുതല്‍ യാത്ര ചെയ്തത് ഷഫ്നയ്ക്ക് ഒപ്പമാണ്. വളരെ കംഫര്‍ട്ടാണ് ഞങ്ങള്‍ രണ്ട് പേരും. എന്തും ഷഫ്ന സപ്പോര്‍ട്ട് ചെയ്യും. എപ്പോഴും ഒരുമിച്ച് ഉണ്ടാകണം എന്നാണ് ഷഫ്നയുടെ ആഗ്രഹം. ഷൂട്ടിങ് തിരക്കുകള്‍ കാരണം ഞങ്ങള്‍ കാണുന്നത് തന്നെ കുറവായിരുന്നു. ഷഫ്ന മലയാളത്തിലും തെലുങ്കിലും ചെയ്യുന്ന സമയത്ത് മാസത്തില്‍ ഒരിക്കല്‍ മാത്രമെ കാണാറുള്ളൂ. മലയാളം പ്രൊജക്ട് കഴിഞ്ഞതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു.’
‘ഇപ്പോള്‍ മാസത്തില്‍ ആദ്യത്തെ 15 ദിവസം ഞാന്‍ ഷൂട്ടിങ് തിരക്കിലായിരിക്കും. അവളുടെ ഷെഡ്യൂള്‍ കഴിഞ്ഞാല്‍ എന്റെ അടുത്തേക്ക് വരും. അങ്ങനെ മാസത്തില്‍ 15 ദിവസം ഒരുമിച്ച് ഉണ്ടാവും. ഷഫ്നയ്ക്ക് ഏറ്റവും ഇഷ്ടം ഞാന്‍ അടുത്തിരിയ്ക്കുന്നതാണ്. അവള്‍ എപ്പോഴും വഴക്കിടുന്നത് ഞാന്‍ അടുത്ത് ഇല്ലാത്തതിനെ ചൊല്ലിയാണ്. സാന്ത്വനം ലഭിക്കുന്നതിന് മുമ്പ് സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി നടക്കുകയായിരുന്നു. ഡിപ്രഷന്‍ സ്റ്റേജ് വരെ പോയിരുന്നു. ഓഡീഷനില്‍ നിന്ന് പലതവണ റിജക്ട് ആയിട്ടുണ്ട് മുഖത്ത് ഭാവങ്ങള്‍ വരുന്നില്ലെന്ന് പറഞ്ഞ്. ഇപ്പോഴും സിനിമ തന്നെയാണ് ലക്ഷ്യം’ സജിന്‍ പറയുന്നു.