KeralaNews

ജയിലിന്റെ ബോർഡ് മാറ്റി,ഗതാ​ഗതം തടസപ്പെടുത്തി;സിനിമാ ചിത്രീകരണത്തിനെതിരെ മുഖ്യമന്ത്രിക്ക് നഗരസഭയുടെ പരാതി

കോട്ടയം: സിനിമ ചിത്രീകരണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. പാലാ ന​ഗരസഭയാണ് പരാതി നൽകിയത്. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. പൊതുജനങ്ങൾക്കും വാഹന​ഗതാ​ഗതത്തിനും സിനിമാ ചിത്രീകരണം തടസമുണ്ടാക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

സബ് ജയിലിൽ അനധികൃതമായാണ് ചിത്രീകരണം നടത്തിയതെന്നും ന​ഗരസഭ നൽകിയ പരാതിയിലുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള ചിത്രീകരണത്തിന് അധികൃതർ അനുമതി നിഷേധിച്ചിരിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആർ.ഡി.ഓയോട് വിശദീകരണം തേടിയിരിക്കുകയാണ്.

പാലായിൽ വെള്ളിയാഴ്ച വൈകിട്ട് നടത്തിയ ഷൂട്ടിംഗിനെതിരെയാണ് നഗരസഭാ ചെയർപേഴ്‌സൺ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. സബ്ജയിൽ റോഡ് ഷൂട്ടിംഗിന് അനുവദിക്കണമെന്ന കത്ത് കഴിഞ്ഞദിവസം നഗരസഭയിൽ ലഭിച്ചിരുന്നു.

സ്‌പെഷ്യൽ കൗൺസിൽ കൂടിയാണ് ഇതിന് അനുമി നല്കിയത്. പൊതുജനങ്ങൾക്കും വാഹനയാത്രയ്ക്കും തടസ്സം സൃഷ്ടിക്കാതെ ഷൂട്ടിംഗിന് അനുമതിയും നൽകി. എന്നാൽ കാരവാനുകളും ജനറേറ്റർ വാഹനങ്ങളും അടക്കം ഈ ഇടുങ്ങിയ റോഡിലെത്തിച്ച് ഗതാഗതം ബ്ലോക്ക് ചെയ്താണ് ഷൂട്ടിംഗ് തുടങ്ങിയത്.

ബൈപ്പാസിൽ നിന്നും കട്ടക്കയം റോഡിൽ നിന്നും എത്തിയ വാഹനങ്ങൾ കുടുങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കിനും ഇത് കാരണമായി. ജയിലിന് തൊട്ടുചേർന്നുള്ള സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനത്തെയും ഷൂട്ടിംഗ് ബാധിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആർഡി ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരും കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടി.

ജയിലിന്റെ ബോർഡിന് മുകളിൽ മുട്ടം സബ്ജയിൽ എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. ഇത് ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിശ്ചിതസമയം കഴിഞ്ഞ് പുറത്തുനിന്നവരോ വാഹനമോ ജയിൽ വളപ്പിൽ ഉണ്ടാകാൻ പാടില്ല എന്ന കീഴ് വഴക്കം മറികടന്ന് രാത്രി ഏഴര വരെ ഷൂട്ടിംഗ് നീണ്ടു. ക്രെയിനും ജീപ്പും അടക്കം വളപ്പിനുള്ളിൽ കടത്തുകയും ചെയ്തു. ഷൂട്ടിംഗിന് ആവശ്യമായ സൗകര്യം ചെയ്ത് കൊടുക്കണമെന്ന ഉന്നത നിർദേശത്തിന് മുന്നിൽ ജയിൽ സൂപ്രണ്ട് നിസഹായനായതായാണ് ലഭിക്കുന്ന വിവരം.

സംഭവം ചർച്ചയായതോടെയാണ് നഗരസഭ മുഖ്യമന്ത്രിയ്ക്ക് തന്നെ പരാതി നല്കിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഷൂട്ടിംഗ് നിശ്ചയിച്ചിരുന്നതിന് നഗരസഭ അനുമതി നല്കിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker