താനെപ്പോഴാടോ എന്നെ അങ്ങനെ വിളിച്ച് തുടങ്ങിയത്? മമ്മൂട്ടി എന്നോട് ചോദിച്ചു: സ്നേഹത്തിന്‍റെ കഥ പറഞ്ഞ് ടിജി രവി
കൊച്ചി: മമ്മൂട്ടിയെക്കുറിച്ച് നടൻ ടിജി രവി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. കാന്‍ ചാനല്‍ മീഡിയ എന്ന ഓണ്‍ലൈന്‍ ചാനലിന്‍റെ അഭിമുഖത്തില്‍ ടിജി രവി പറഞ്ഞ മമ്മൂട്ടി അനുഭവമാണ് വൈറലാകുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സൌഹൃദങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ തയ്യാറാകാത്ത താരമാണ് മമ്മൂട്ടിയെന്നാണ് ഈ സംഭവത്തിലൂടെ ടിജി രവി പറയുന്നത്.
‘ദ പ്രീസ്റ്റിൽ ഞാൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. മമ്മൂട്ടിയുടെ കൂടെ പല ആൾക്കാരും ഉണ്ടാവും. ഞാൻ ചെന്നപ്പോൾ മമ്മൂട്ടി വാ ഇരിക്കെടോ എന്ന് പറഞ്ഞു. ഒരു ദിവസം മമ്മൂട്ടി എന്നെ കാരവാനിലേക്ക് വിളിച്ചു.
“ചെന്ന ഉടനെ ചോദിച്ചു താനെന്ന് മുതലാടോ എന്നെ നിങ്ങൾ എന്ന് സംബോധന ചെയ്ത് തുടങ്ങിയതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഞാൻ സിനിമയിൽ നിന്ന് വിട്ട് പോവുന്നതിന് മുമ്പ് കുറേക്കാലം ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, എടോ താൻ എന്നൊക്കെ സംസാരിക്കാറുണ്ട്’ ‘ഇന്ന് ഞാൻ നില്‌ക്കുന്ന സ്ഥിതിയിൽ നിങ്ങൾ എന്നേക്കാൾ വളരെ മുകളിലാണ്. ജനങ്ങളുടെ മുന്നിൽ പ്രത്യേകിച്ചും. അവരൊക്കെ നിൽക്കുമ്പോൾ നിങ്ങളെ എടോ താൻ എന്നൊക്കെ വിളിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ വിളിക്കാത്തത്”
അപ്പോള്‍ മമ്മൂട്ടിയൊന്ന് ചിരിച്ചു. എനിക്കത് വലിയ പാഠം ആയിരുന്നു. അദ്ദേഹം അത് ചോദിക്കണമെങ്കിൽ നേരത്തെയുണ്ടായിരുന്ന സൗഹൃദത്തിൽ നിന്നും എന്തെങ്കിലും മാറ്റം വന്നോ എന്ന് പുള്ളിക്ക് തോന്നിയിട്ടുണ്ടാവാം. ഈ ചോദ്യത്തോടെ അദ്ദേഹത്തോടുള്ള സൗഹൃദം എനിക്ക് കൂടിയെന്നും ടിജി രവി പറയുന്നു.
പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്‍ത നന്‍പകല്‍ നേരത്ത് മയക്കം. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതോടെ ചിത്രം കണ്ടിട്ടില്ലാത്ത ബഹുഭൂരിപക്ഷം സിനിമാപ്രേമികളിലും ചിത്രം സൃഷ്ടിച്ച പ്രതീക്ഷകള്‍ വാനോളമാണ്. ഒടിടിയിലൂടെയല്ല, മറിച്ച് ചിത്രത്തിന് തിയറ്റര്‍ റിലീസ് തന്നെ ഉണ്ടാവുമെന്നാണ് നിര്‍മ്മാതാക്കള്‍ ഇതിനകം അറിയിച്ചുകഴിഞ്ഞു. ചിത്രത്തിന്‍റെ സെന്‍സറിംഗും പൂര്‍ത്തിയായിട്ടുണ്ട്. സിനിമാപ്രേമികള്‍ക്കുള്ള ക്രിസ്മസ് സമ്മാനമായി ഇന്നലെ പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‍ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുട്യൂബില്‍ നിലവില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1 ആണ് ട്രെയ്‍ലര്‍.21 മണിക്കൂര്‍ സമയം കൊണ്ട് 8 ലക്ഷത്തിലേറെ കാഴ്ചകളാണ് ട്രെയ്‍ലറിന് ലഭിച്ചത്. സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണവും.