28.2 C
Kottayam
Monday, June 8, 2026

ജി സുധാകരന്റേത് കോമാളിത്തം, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ; കടുത്ത ഭാഷയിൽ മറുപടിയുമായി എച്ച് സലാം

Must read

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും തിരിച്ചടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി. സുധാകരന്‍ വിളിച്ചതിന്റെ മറുപടിയായാണ് അമ്പലപ്പുഴ മുന്‍ എം.എല്‍.എയും, ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എച്ച്. സലാമിന്റെ പ്രതികരണം. പിണറായി വിജയന്‍ എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് ജി.സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി അല്ലാതിരുന്ന സുധാകരന്‍ എന്തിന് പണം പിരിച്ചു? അന്ന് പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താന്‍ തയാറാകണം. ആരില്‍ നിന്നൊക്കെ എത്ര ലക്ഷങ്ങള്‍ പിരിച്ചുവെന്ന് വെളിപ്പെടുത്താന്‍ സുധാകരന് ധൈര്യമുണ്ടോയെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ എച്ച്.സലാം ചോദിച്ചു.

കഴിഞ്ഞ ദിവസം അമ്പലപ്പുഴയില്‍ എംഎല്‍എ ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു ജി. സുധാകരന്‍ പിണറായി വിജയനെതിരേയും കെ.എന്‍. ബാലഗോപാലിനെതിരേയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പിണറായി വിജയന്‍ നിയമസഭയിലെ നനഞ്ഞ കോഴിയാണെന്നായിരുന്നു വിമര്‍ശനം. വെള്ളത്തില്‍ വീണ അവസ്ഥയാണ് പിണറായിക്ക്. ഒന്നും മിണ്ടുന്നില്ല. കെ.എന്‍. ബാലഗോപാലിനാകട്ടെ, സംസാരിക്കാനും അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫേയ്‌സ്ബുക്കില്‍ കൂടി മറുപടിയുമായി എച്ച്. സലാം രംഗത്തെത്തിയത്. പണ്ടൊക്കെ നാട്ടില്‍ ഒരു കുപ്പികള്ള് വാങ്ങികൊടുത്താല്‍ ആരെയും തെറിവിളിക്കുന്ന ഒരാളെ കാണാന്‍ പറ്റുമായിരുന്നു, ഈ കോമാളിത്തരം കാണുമ്പോള്‍ ജനങ്ങള്‍ക്ക് അതാണ് ഓര്‍മ്മ വരികയെന്ന് എച്ച്. സലാം കുറിച്ചു.

ഇതിനൊപ്പം 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ജി. സുധാകരനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണവും എച്ച്. സലാം ഉയര്‍ത്തിയിട്ടുണ്ട്. അന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പോലുമല്ലാതിരുന്ന സുധാകരന്‍ എന്തിനാണ് വലിയ തോതില്‍ പണം പിരിച്ചതെന്ന് സലാം ചോദിക്കുന്നു. അന്ന് ആരില നിന്നൊക്കെ എത്രയെത്ര ലക്ഷങ്ങളാണ് പിരിച്ചെടുത്തതെന്നും, ആ പണത്തിന്റെ കൃത്യമായ കണക്ക് പരസ്യപ്പെടുത്താന്‍ സുധാകരന് ധൈര്യമുണ്ടോയെന്നും സലാം വെല്ലുവിളിച്ചു. പിരിച്ചെടുത്ത പണം പാര്‍ട്ടിക്ക് കൈമാറിയിട്ടില്ലെന്ന് വ്യക്തമാക്കിയ സലാം, ഇതിന്റെ വിശദാംശങ്ങള്‍ സുധാകരന്‍ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. 2021-ലെ തിരഞ്ഞെടുപ്പില്‍ സുധാകരന് പകരം അമ്പലപ്പുഴയില്‍ എച്ച്. സലാമായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത്. അന്നുമുതല്‍ ഇരുനേതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ പരസ്യമായ ചെളിവാരിയെറിയലിലേക്ക് എത്തിനില്‍ക്കുന്നത്.

പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയുണ്ടോ

- Advertisement -

അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണ്. കേരളത്തിലെ മുതിര്‍ന്ന പാര്‍ട്ടിനേതാവും പാര്‍ട്ടി പി.ബി. അംഗവും പത്ത് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയും ആയിരുന്ന പിണറായി വിജയനെ നനഞ്ഞകോഴിയെന്നും പാര്‍ലമെന്റ് അംഗമായും ധനകാര്യമന്ത്രിയായും പ്രവര്‍ത്തിച്ച കെ.എന്‍. ബാലഗോപാലിന് സംസാരിക്കാന്‍ അറിയാത്തവന്‍ എന്നൊക്കെയാണ് ജി.സുധാകരന്‍ അധിക്ഷേപിച്ചത്. താനൊഴികെ നാട്ടില്‍ വേറെയാര്‍ക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം. പാര്‍ട്ടിയെയും നേതാക്കളെയും നിരന്തരം അധിക്ഷേപിക്കുമ്പോഴും ഞങ്ങള്‍ കാണിക്കുന്ന അവധാനത ദൗര്‍ബല്യമാണെന്ന് കരുതരുത്.

- Advertisement -

പിണറായി വിജയന്‍ എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് ജി. സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം ജി.സുധാകരന്‍ മറന്നു പോകരുത്. 2021ല്‍ ഞാന്‍ മത്സരിച്ച നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി അല്ലാതിരുന്ന ജി.സുധാകരന്‍ എന്തിന് പണം പിരിച്ചു? അന്ന് താങ്കള്‍ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താന്‍ തയ്യാറാകണം. ആരില്‍ നിന്നൊക്കെ എത്ര ലക്ഷങ്ങള്‍ പിരിച്ചുവെന്ന് വെളിപ്പെടുത്താന്‍ ജി. സുധാകരന് ധൈര്യമുണ്ടോ?

മിസ്റ്റര്‍ ജിസുധാകരന്‍,

താങ്കള്‍ക്കും വീട്ടില്‍ രണ്ട് മൂന്ന് പേര്‍ക്കും മാത്രമറിയുന്ന രഹസ്യങ്ങള്‍ പലതും ഇന്ന് പരസ്യമാണ് എന്നത് മറക്കണ്ട. പിണറായി വിജയന്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാര്‍ട്ടി സെക്രട്ടറിയാകുകയും പതിറ്റാണ്ടുകള്‍ പാര്‍ട്ടിയെ ധീരമായി നയിച്ച് തുടര്‍ഭരണത്തിലേയ്ക്ക് വരെ എല്‍ ഡിഎഫിനെ നയിക്കുകയും ചെയ്ത നേതാവാണ്. അനാവശ്യം കാണിച്ചിട്ടും താങ്കള്‍ക്ക് അര്‍ഹിക്കാത്ത പരിഗണന നല്‍കിയ പിണറായിവിജയന്‍ എന്ന കമ്മ്യൂണിസ്റ്റിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത ജി.സുധാകരനുണ്ടോ?

- Advertisement -

പാര്‍ലമെന്റ് അംഗമായും ധനകാര്യ മന്ത്രിയായും സംഘടനാ ചുമതലകളിലും സത്യസന്ധമായും മാതൃകാപരമായും പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് കെ.എന്‍.ബാലഗോപാലിന്റെത്. ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായി മുന്‍കാലത്ത് പ്രവര്‍ത്തിച്ചത് സിപിഎം ഏരിയാകമ്മറ്റി അംഗങ്ങളായ രണ്ട് വനിതാ നേതാക്കളാണ്. അവരെ ജി.സുധാകരന്‍ അധിക്ഷേപിച്ച് വിളിച്ചത് ‘ഒരുത്തി’ എന്നാണ്.

ഇങ്ങനെ സ്ത്രീവിരുദ്ധ പ്രയോഗങ്ങള്‍ നടത്താനാണോ ജനങ്ങള്‍ താങ്കള്‍ക്ക് വോട്ട് നല്‍കിയത്?

മുന്‍പ് ഷാനിമോള്‍ ഉസ്മാനെയും ഉഷാസാലിയെയും ഈ തിരഞ്ഞെടുപ്പ് വേളയില്‍ സ.സി.എസ്. സുജാതയെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി അധിക്ഷേപിച്ചു. താങ്കള്‍ പ്രസംഗിക്കുമ്പോള്‍ ജി.സുധാകരന്റെ ഒപ്പം നിന്ന സ്ത്രീകളേയും വീട്ടിലും താങ്കള്‍ ‘ഒരുത്തി’ എന്നാണോ വിളിക്കുന്നത്. കഴിഞ്ഞ ദിവസം കരൂര്‍ സ്‌കൂള്‍ പ്രവേശനോത്സവം മനോഹരമായി സംഘടിപ്പിച്ച ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ വണ്ടി ഓടിക്കുന്ന തൊഴിലാളിയായ പിടിഎ പ്രസിഡന്റിനെ കൊച്ചുകുട്ടികളുടെ മുന്നില്‍ വെച്ച് മൈക്കിലൂടെ അസഭ്യം പറഞ്ഞു. അത് കേട്ട് അയാളുടെ മകള്‍ ആ സ്‌കൂളില്‍ ഇനി ഞാന്‍ പോകുന്നില്ല എന്ന് പറഞ്ഞ് രണ്ട് ദിവസം ഭയന്നു കരയുകയായിരുന്നു.

ഞാന്‍ അഞ്ച് വര്‍ഷം എംഎല്‍എ ആയി പ്രവര്‍ത്തിക്കുമ്പോള്‍ ഏതെങ്കിലും ഒരു പൊതുവേദിയില്‍ രാഷ്ട്രീയ എതിരാളികളെ മോശപ്പെടുത്തുന്ന ഒരു പ്രസംഗം നടത്തിയിട്ടുണ്ടോ? അഞ്ച് വര്‍ഷവും പൊതുചടങ്ങുകളുടെ മാന്യത സൂക്ഷിച്ചുണ്ട്. രാഷ്ട്രീയ വേദികളില്‍ കൃത്യമായ രാഷ്ട്രീയവും പറഞ്ഞിട്ടുണ്ട്. ഇതല്ലേ ജനപ്രതിനിധികള്‍ പാലിക്കേണ്ടത്.

മഹാനായ പാര്‍ട്ടിനേതാവ് സ. എന്‍.എസ്. കൊല്ലത്ത് നിന്ന് എന്ത് കാരണത്താലാണ് താങ്കളെ ആലപ്പുഴക്ക് കടത്തിയത് എന്നതൊന്നും ഞങ്ങളെക്കൊണ്ട് പറയിക്കരുത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ താങ്കള്‍ വിജയിച്ചുവെന്നത് നേരാണ്. അത് ഞങ്ങള്‍ അംഗീകരിക്കുന്നു. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ മുതല്‍ പ്രദേശിക പ്രവര്‍ത്തകരെ വരെ ആരേയും അധിക്ഷേപിക്കുവാനുള്ള ലൈസന്‍സ് ആണ് വോട്ടര്‍മാര്‍ താങ്കള്‍ക്ക് തന്നത് എന്ന് വിചാരിക്കരുത്. ഇത്തരം വിവരക്കേട് പറയുമ്പോള്‍ ഒരു പരിധിയൊക്കെ വെക്കുന്നത് നല്ലതാണ്. അത് കേള്‍ക്കുമ്പോള്‍ കൂടെ നില്‍ക്കുന്നവര്‍ കുലുങ്ങി ചിരിക്കുന്നുണ്ടാകും. പക്ഷേ ജനങ്ങളുടെ മുന്നില്‍ താങ്കള്‍ ഒരു രാഷ്ട്രീയ കോമാളിയായി മാറുകയാണ്. പണ്ടൊക്കെ നാട്ടില്‍ ഒരു കുപ്പികള്ള് വാങ്ങികൊടുത്താല്‍ ആരെയും തെറിവിളിക്കുന്ന ഒരാളെ കാണാന്‍ പറ്റുമായിരുന്നു, ഈ കോമാളിത്തരം കാണുമ്പോള്‍ ജനങ്ങള്‍ക്ക് അതാണ് ഓര്‍മ്മ വരുന്നത്- എച്ച്. സലാം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

CPI(M) MLA H. Salam launched a scathing attack on former minister G. Sudhakaran for his remarks against Chief Minister Pinarayi Vijayan. Salam satirically compared Sudhakaran’s political antics to local drunks who abuse others for a bottle of toddy. He strongly questioned Sudhakaran’s eligibility to even unloose the strap of Pinarayi Vijayan’s shoes, condemning the senior leader’s statements as breach of party discipline and moral turpitude.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

നമുക്കൊക്കെ അറിയാവുന്ന നടൻ അയച്ചു തന്നത് ഷർട്ട് ഇടാത്ത ചിത്രം, കൂടെ കിടക്കാൻ ആവശ്യപ്പെട്ടത് സംഗീത രംഗത്തുള്ളയാൾ, സ്വതന്ത്ര സ്ത്രീകളെ ലൈംഗിക തൊഴിലാളികളാക്കുന്ന മനോഭാവം; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളിയായി മുദ്രകുത്തുന്ന സമൂഹത്തിന്റെ...

അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനവുമായി മാനവ് സുതര്‍; 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍; അഫ്ഗാനിസ്താനെ കറക്കി വീഴ്ത്തി യുവതാരം; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

മുല്ലന്‍പുര്‍: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ പൂര്‍ണ്ണ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ മാന്ത്രിക ബൗളിങ് പ്രകടനത്തിന്...

⚠️ഷിഗെല്ല,എച്ച്1എൻ1, ഡെങ്കിപ്പനി,എലിപ്പനി, ചിക്കുൻഗുനിയ, മ‍ഞ്ഞപ്പിത്തം…. സാംക്രമിക രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ദുരന്തസമാന സാഹചര്യം; അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ സാംക്രമിക രോഗവ്യാപനം കടുത്ത രീതിയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ദുരന്തസമാനമായ അവസ്ഥയാണെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി വിലയിരുത്തി. കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങളും കനത്ത മഴയുമാണ് പകർച്ചവ്യാധികൾ ഇത്രയും വേഗത്തിൽ പടർന്നുപിടിക്കാൻ പ്രധാന...

Popular this week