‘ഈശ്വരൻ പ്രസാദിച്ചു, ഒന്നും അറിഞ്ഞിട്ടില്ല’; എല്ലാം ഗുരുവായൂരപ്പന്റെ വിളയാട്ടമെന്ന് സുരേഷ് ഗോപി
കൊച്ചി:എല്ലാം ഗുരുവായൂരപ്പന്റെ വിളയാട്ടമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. എല്ലാം ഈശ്വരൻ പ്രസാദിച്ചതാണെന്നും അതുകൊണ്ട് എല്ലാം സാധിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മകൾ ഭാഗ്യാസുരേഷിന്റെ കൊച്ചിയിൽ വച്ച് സംഘടിപ്പിച്ച വിവാഹസൽക്കാരത്തിന് ശേഷം മാദ്ധ്യമങ്ങളോട് നന്ദി പറയുകയായിരുന്നു സുരേഷ് ഗോപി.
‘എല്ലാ മാദ്ധ്യമ പ്രവർത്തകരും മാന്യമായി സഹകരിച്ചു.നിങ്ങളിൽ നിന്നും ഞാൻ ഇതാണ് പ്രതീക്ഷിച്ചത്. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ നിങ്ങൾ ചെയ്തു. എല്ലാം ഈശ്വരൻ പ്രസാദിച്ചതാണ്. എല്ലാ സാധിച്ചു. എല്ലാം ഗുരുവായൂരപ്പന്റെ വിളയാട്ടം’- സുരേഷ് ഗോപി പറഞ്ഞു.
കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ സെലിബ്രിറ്റി വിവാഹങ്ങളിൽ ഒന്നാണ് കഴിഞ്ഞ ബുധനാഴ്ച ഗുരുവായൂരിൽ നടന്നത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ വരെ എത്തിച്ചേർന്നിരുന്നു. ചടങ്ങിൽ പ്രധാനമന്ത്രി തന്നെയാണ് മുഖ്യകാർമികത്വം വഹിച്ചതും ശ്രദ്ധേയമായ കാര്യമായിരുന്നു.
നരേന്ദ്രമോദിയെ കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന വൻ താരനിരയാണ് ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ ആദ്യാവസാനം പങ്കെടുത്തത്. ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ റിസപ്‌ഷനിൽ മമ്മൂട്ടി, മോഹൻലാൽ,ജയറാം, ദിലീപ്, ബിജുമേനോൻ, കെ.എസ്. ചിത്ര, സരയു മോഹൻ, ഷാജി കൈലാസ്, സുരേഷ്‌കുമാർ, ജോഷി, ഫാസിൽ, ഗോകുലം ഗോപാലൻ തുടങ്ങിയവർ കുടുംബസമേതം പങ്കെടുത്തു.
ഭാഗ്യയുടെയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. സിനിമാതാരങ്ങൾക്കായി കൊച്ചിയിലും റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഇന്ന് തിരുവനന്തപുരത്തും റിസപ്‌ഷൻ നടക്കും.
സിംപിൾ ലുക്കിലാണ് ഭാഗ്യ സുരേഷ് നവവധുവായി ഒരുങ്ങി എത്തിയത്. ഓറഞ്ച് നിറം സാരിയായിരുന്നു വേഷം. അണിഞ്ഞത് ഒരു ചോക്കറും ജിമിക്കി കമ്മലും ആണ്. സാരിയിൽ ഗോൾഡൻ ഫിനിഷിംഗ് ടച്ചുണ്ടായിരുന്നു. വിവാഹത്തിന് ഒരുക്കിയത് ഏക്ത ബ്രൈഡലായിരുന്നു. കസവുമുണ്ടും ജുബ്ബയുമാണ് ശ്രേയസ് മോഹന്റെ വേഷം.അതേസമയം വിവാഹ തലേന്ന് മമ്മൂട്ടിയും മോഹൻലാലും കുടുംബത്തിനൊപ്പം ഭാഗ്യ സുരേഷിന് അനുഗ്രഹവുമായി എത്തിയിരുന്നു.