35.9 C
Kottayam
Thursday, April 25, 2024

മുല്ലപ്പെരിയാര്‍ ജലനിരപ്പിനു സുപ്രീം കോടതിയുടെ കടിഞ്ഞാണ്‍

Must read

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. മേല്‍നോട്ട സമിതി മുന്നോട്ടുവച്ച നിര്‍ദേശം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്താമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

അടുത്ത നവംബര്‍ 10 വരെ ഈ നില തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സാഹചര്യമനുസരിച്ചു ജലനിരപ്പ് മേല്‍നോട്ട സമിതിക്കു വേണമെങ്കില്‍ പുനപ്പരിശോധിക്കാമെന്നും കോടതി പറഞ്ഞു. കേസ് ഇനി നവംബര്‍ 11ന് പരിഗണിക്കും. ജലനിരപ്പ് 142 അടിയാക്കണമെന്ന വാദമാണ് തമിഴ്‌നാട് മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍, ഇത് അപകടകരമാണെന്നു കേരളം ചൂണ്ടിക്കാട്ടി.

റൂള്‍ കര്‍വ് റിപ്പോര്‍ട്ട് അംഗീകരിക്കാത്ത കേരളം ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉടന്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി ഇന്നലെ കേരളത്തിനു നിര്‍ദേശം നല്‍കിയിരുന്നു. അണക്കെട്ടിന്റെ സുരക്ഷയാണു മുഖ്യമെന്നു നിരീക്ഷിച്ച ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇന്നു രാവിലെ 10.30നകം മറുപടി നല്‍കണമെന്നാണ് കേരളത്തോട് നിര്‍ദേശിച്ചിരുന്നത്.

അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്‌നാടിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.ജോ ജോസഫ്, പാട്ടക്കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിനെതിരേ സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

അതേസമയം, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നു കാണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. കേരളം ആവശ്യപ്പെട്ടതപോലെ പരമാവധി വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകും. ജനതാത്പര്യം സംരക്ഷിക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വേണ്ടതെല്ലാം ചെയ്യും.

ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന് എല്ലാ വിവരങ്ങളും നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു. ഇതിനിടെ, ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ ഏഴിനു തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്.

ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3,800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week