KeralaNews

പോലീസ് നായ കുരച്ചു, ദമ്പതിമാരുടെ വീട്ടുവളപ്പിൽ മൃതദേഹം; 73-കാരിയെ കൊലപ്പെടുത്തിയത് സ്വർണത്തിനുവേണ്ടി?

ആലപ്പുഴ: കോര്‍ത്തുശ്ശേരിയില്‍ വീട്ടുവളപ്പില്‍നിന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്ര(73)യുടേതെന്ന സംശയം ബലപ്പെടുന്നു. ഓഗസ്റ്റ് നാലാം തീയതി മുതല്‍ കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്രയെ കൊലപ്പെടുത്തിയശേഷം കോര്‍ത്തുശ്ശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടെന്നാണ് നിഗമനം. മാത്യൂസ്-ശര്‍മിള ദമ്പതിമാര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയില്‍നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. സ്ഥലത്ത് പോലീസിന്റെ പരിശോധന തുടരുകയാണ്.

കഴിഞ്ഞമാസം നാലാംതീയതി മുതല്‍ സുഭദ്രയെ കാണാനില്ലെന്ന് മകനാണ് കൊച്ചി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര അവസാനമെത്തിയത് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് മാത്യൂസ്-ശര്‍മിള ദമ്പതിമാരുടെ വീട്ടിലേക്കാണ് സുഭദ്ര എത്തിയതെന്ന് വ്യക്തമായത്.

സുഭദ്ര ഇവിടേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ വീട്ടില്‍നിന്ന് ലഭിച്ചിരുന്നു. എന്നാല്‍, ഇവര്‍ തിരികെപോകുന്നത് സിസിടിവിയില്‍ കണ്ടില്ല. മാത്യൂസിനെയും ശര്‍മിളയെയും ദിവസങ്ങളായി കാണാനില്ലെന്നും വ്യക്തമായതോടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന് മൃതദേഹങ്ങള്‍ മണത്ത് കണ്ടെത്തുന്ന പോലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ടസ്ഥലം കണ്ടെത്തിയത്. നേരത്തെ മാത്യൂസിന്റെ വീട്ടില്‍ കുഴിയെടുപ്പിച്ചിരുന്നതായി ഒരു കൂലിപ്പണിക്കാരന്‍ മൊഴി നല്‍കിയതും നിര്‍ണായകമായി. മാലിന്യം നിക്ഷേപിക്കാനെന്ന പേരിലാണ് മാത്യൂസ് കുഴിയെടുപ്പിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്.

ദമ്പതിമാരുമായി സുഭദ്രയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നതായാണ് സൂചന. ഇടയ്ക്കിടെ ഇവര്‍ ദമ്പതിമാരുടെ വീട്ടില്‍ വന്നിരുന്നതായും സൂചനയുണ്ട്. ദൂരെയുള്ള ക്ഷേത്രങ്ങളിലേക്ക് സുഭദ്ര ഇവര്‍ക്കൊപ്പം യാത്ര നടത്തിയിരുന്നു. ഇതിനിടെ ദമ്പതിമാര്‍ സുഭദ്രയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയത് ഇവര്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമായി. തുടര്‍ന്ന് വീണ്ടും ഇവര്‍ സൗഹൃദത്തിലായെന്നും ഇതിനിടെ വീണ്ടും സ്വര്‍ണം കൈക്കലാക്കിയ ശേഷമാണ്‌ കൊലപാതകം നടത്തിയതെന്നുമാണ് സൂചന. ശര്‍മിളയും മാത്യൂസും നേരത്തെ കൊച്ചിയില്‍ ലോഡ്ജ് നടത്തിയിരുന്നതായാണ് വിവരം. ഇവിടെവെച്ചാണ് സുഭദ്രയുമായി പരിചയത്തിലാകുന്നത്.

കോര്‍ത്തുശ്ശേരിയിലെ വീട്ടുവളപ്പില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും ഇത് സുഭദ്രയുടേതാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. മൃതദേഹം തിരിച്ചറിയാനായി കൊച്ചിയില്‍നിന്ന് ബന്ധുക്കള്‍ കോര്‍ത്തുശ്ശേരിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, വീട്ടുടമകളായ മാത്യൂസും ശര്‍മിളയും നിലവില്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസിന്റെ തിരച്ചിലും തുടരുകയാണ്.

സുഭദ്രയെ കാണാനില്ലെന്ന പരാതിയില്‍ കടവന്ത്ര പോലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. അന്വേഷണം നടത്തിയെങ്കിലും എവിടെപ്പോയെന്ന് വിവരം കിട്ടിയില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളടക്കം പലവിവരങ്ങളും ശേഖരിച്ചു. ഇതിനിടെ കലവൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കൊപ്പം സുഭദ്രയെ കണ്ടതായ വിവരം കിട്ടി. സുഭദ്ര മിസ്സിങ്ങായ സ്ഥലം മണ്ണഞ്ചേരി സ്റ്റേഷന്‍ പരിധിയിലെ കോര്‍ത്തശ്ശേരിയിലാണെന്നും വ്യക്തമായി.

ആത്മീയകാര്യങ്ങളില്‍ മുഴുകി ജീവിക്കുന്നയാളായിരുന്നു സുഭദ്ര. ഒരുപാട് പരിചയക്കാരുമുണ്ട്. ഇവര്‍ ദമ്പതിമാര്‍ക്കൊപ്പം വന്ന് താമസിക്കുകയായിരുന്നു. ദമ്പതിമാരുടെ വീട്ടില്‍ തങ്ങിയതിന് ശേഷമാണ് കാണാതായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പരിസരവാസികളോട് അന്വേഷിച്ചപ്പോള്‍ മാത്യൂസിനെയും ശര്‍മിളയെയും കാണാനില്ലെന്ന് മനസിലായി.

അന്വേഷണത്തില്‍ സംശയങ്ങള്‍ ബലപ്പെട്ടു. തുടര്‍ന്ന് ‘മായ’ എന്ന പോലീസ് നായയെ എത്തിച്ച് വീട്ടുവളപ്പില്‍ പരിശോധന നടത്തി. കഡാവര്‍ നായയായ മായ വീട്ടുവളപ്പിലെ ഒരിടത്ത് മൃതദേഹമുണ്ടെന്ന സൂചന നല്‍കി. തുടര്‍ന്ന് ഇവിടെ തുറന്ന് പരിശോധിച്ചതോടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker