KeralaNews

ആലപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത്, സ്ഥിരീകരിച്ച് മക്കൾ; ദമ്പതിമാർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി പോലീസ്

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ പോലീസ് കണ്ടെത്തിയ മൃതദേഹം 73-കാരി സുഭദ്രയുടേതെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കൾ എത്തിയാണ് മൃതദേഹം സ്ഥിരീകരിച്ചത്. മുട്ടു വേദനയ്ക്ക് സുഭദ്ര ഉപയോഗിച്ചിരുന്ന ബാൻഡേജ് കണ്ടാണ് മക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.

കൊച്ചി കടവന്ത്രയിൽ നിന്നാണ് സുഭദ്രയെ കാണാതായത്. സുഹൃത്തുക്കളായ ദമ്പതികൾ സുഭദ്രയെ കൊന്നുകുഴിച്ചു മൂടിയെന്നാണ് വിവരം. ദമ്പതിമാരായ മാത്യൂസും ശർമിളയും വാടകയ്ക്ക് താമസിച്ചിരുന്ന ആലപ്പുഴയിലെ കാട്ടൂരിലെ വാടക വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഇരുവരും ചേർന്ന് സുഭദ്രയെ കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. ഇവർ ഇപ്പോൾ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയയെ കാണാതാകുന്നത്. ആറാം തീയതി അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകൻ പോലീസിൽ പരാതി നൽകി. ഏഴാം തീയതി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സുഭദ്രയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാനമെത്തിയത് ആലപ്പുഴ കലവൂരിലാണെന്ന് വ്യക്തമായി.

ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന മാത്യൂസിന്റേയും ശർമിളയുടേയും വീട്ടിൽ സുഭദ്ര ഉണ്ടായിരുന്നുവെന്ന് അയൽവാസികളും മൊഴിനൽകി. ശർമിളയും സുഭദ്രയും ഒന്നിച്ചുള്ള സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തുടർന്ന് അന്വേഷണം ആലപ്പുഴ മണ്ണഞ്ചേരി പോലീസിന് കൈമാറി. കഴിഞ്ഞ ദിവസം പോലീസ് നായയെ എത്തിച്ച് മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷം ചൊവ്വാഴ്ച പോലീസ് സംഘമെത്തി പുറത്തെടുക്കുകയായിരുന്നു.

സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം മാത്യൂസും ശർമ്മിളയും കടന്നു കളഞ്ഞതായാണ് വിവരം. 73-കാരിയുടെ സ്വർണം തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് നിഗമനം.

ശർമിളയും സുഭദ്രയും തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. ആരാധനാലയങ്ങളിലും മറ്റും ഒരുമിച്ചായിരുന്നു ഇവർ പോയിരുന്നത്. ഇടയ്ക്കിടെ ശർമ്മിളയും മാത്യൂസും സുഭദ്രയുടെ അടുത്ത് പോയി താമസിക്കും. തിരിച്ച് സുഭദ്രയും ഇരുവരുടേയും അടുത്ത് പോയി താമസിക്കുമായിരുന്നു.

പുറത്തെടുത്ത മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker