സി- കാറ്റഗറി പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐ മാര്‍ക്ക് മടക്കി നൽകാൻ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ സി- കാറ്റഗറി പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐ മാര്‍ക്ക് (Sub Inspector) മടക്കി നൽകാൻ ശുപാര്‍ശ. നിലവിൽ ഈ സ്റ്റേഷനിൽ എസ്.എച്ച്.ഒമാരായി ചുമതല വഹിക്കുന്ന സിഐമാരെ പുനർവിന്യസിക്കും. ഡിജിപിയുടെ ശുപാർശ എഡിജിപി സമിതിയിൽ ചർച്ച ചെയ് ശേഷം സർക്കാരിന് കൈമാറും. ഒന്നാം പിണറായി സർക്കാരിൻെറ കാലത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല എസ്ഐമാരിൽ നിന്നും ഇൻസ്പക്ടർമാരിലേക്ക് മാറ്റിയിരുന്നു.
എല്ലായിടത്തും സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇപ്പോള്‍ സിഐമാരാണ്. എന്നാൽ കേസുകള്‍ കുറവുള്ള സ്റ്റേഷനുകളുടെ ഭരണം എസ്ഐമാരിലേക്ക് മാറ്റണമെന്ന് എഡിജിപി തല യോഗത്തിലാണ് തീരുമാനിച്ചത്. ഇതിൻെറ അടിസ്ഥാനത്തിൽ പൊലീസ് ആസ്ഥാന എഡിജിപിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ശുപാർശ തയ്യാറാക്കിയത്.
വർഷത്തിൽ 500 കേസിൽ താഴെ കേസുകള്‍ രജിസ്റ്റർ ചെയ്യുന്ന സി-കാറ്റഗറിയിൽപ്പെട്ട സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്ക് നൽകാനാണ് തീരുമാനം. സി-കാറ്റഗറിയിൽ 106 സ്റ്റേഷനുകളാണ് ഉള്ളത്. ഇവയിൽ 60 സ്റ്റേഷനുകളുടെ ചുമതലയാണ് ഒന്നാം ഘട്ടത്തിൽ മാറ്റുന്നത്. ബാക്കി സ്റ്റേഷനുകളിൽ രണ്ട് എസ്ഐമാരെ വീതം നിയമിച്ച ശേഷം ചുമതല മാറ്റും. ഡിജിപിയുടെ സർക്കുലർ പ്രകാരം പോക്സോ, സംഘടിത ആക്രമണം എന്നിവ അന്വേഷിക്കേണ്ടത് ഇൻസ്പെക്ടറാണ്. എസ്ഐക്ക് ചുമതല കൈമാറുന്ന സ്റ്റേഷനകളിൽ രജിസ്റ്റർ ചെയ്യുന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ ഡിവൈഎസ്പിമാരോ, ജില്ലാ ക്രൈം ബ്രാഞ്ചിലെ സിഐമാരോ അന്വേഷിക്കും.
സ്റ്റേഷൻ ചുമതലകളിൽ നിന്ന് ഒഴിവാക്കുന്ന ഇൻസ്പെക്ടർമാരെ ജില്ലാ ക്രൈം ബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്ക്വാഡ്, എ.ആർ. ക്യാമ്പ് എന്നിവടങ്ങളിൽ വിന്യസിക്കും. ഇൻസ്പെക്ടമാരുടെ സേവനം കെട്ടി കിടക്കുന്ന കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കാൻ ഉപയോഗിക്കും. പൊലീസ് ആസ്ഥാനം തയ്യാറാക്കിയ ശുപാർശ എഡിജിപി തല സമിതിയിൽ ചർച്ച ചെയ്ത ശേഷമായിരിക്കും സർക്കാരിലേക്ക് നൽകുക. സ്റ്റേഷൻ ചുമതലയിൽ നിന്ന് ഇൻസ്പെക്ടർമാരെ ഒഴിവാക്കുന്നതിൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ എതിര്‍പ്പ് തള്ളിയാണ് ഡിജിപി ശുപാര്‍ശ തയ്യാറാക്കുന്നത്.