മാസ്‌ക് ധരിയ്ക്കാത്തവര്‍ക്ക് ഇന്തോനേഷ്യയില്‍ അസാധാരണ ശിക്ഷാ നടപടി
ബാലി : മാസ്‌ക് ധരിയ്ക്കാത്തവര്‍ക്ക് ഇന്തോനേഷ്യയില്‍ അസാധാരണ ശിക്ഷാ നടപടി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്തോനേഷ്യയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് പാലിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി നടക്കുന്നവരെ കണ്ടെത്തിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അസാധാരണ ശിക്ഷാ നടപടി നടപ്പിലാക്കുന്നത്.
മാസ്‌ക് ധരിയ്ക്കാതെ പൊതുസ്ഥലത്തെത്തിയ വിദേശികളെ പുഷ് അപ്പ് എടുപ്പിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശിക്ഷിച്ചത്. രാജ്യം സന്ദര്‍ശിയ്ക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ കൃത്യമായി കൊറോണ പ്രോട്ടോക്കോള്‍ പാലിയ്ക്കണമെന്നാണ് ഇന്തോനേഷ്യന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊറോണ പ്രോട്ടോക്കോളുകള്‍ പാലിയ്ക്കാത്തവരെ നാടു കടത്തുമെന്നും ഇന്തോനേഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാലിയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ നൂറോളം പേരെയാണ് ഇത്തരത്തില്‍ പിടികൂടിയത്. ഇതില്‍ 70 പേരില്‍ നിന്നും ഏഴ് ഡോളര്‍ വീതം പിഴ ഈടാക്കിയിട്ടുണ്ട്. കയ്യില്‍ പണമില്ലെന്ന് പറഞ്ഞ മുപ്പത് പേരോടാണ് ശിക്ഷയായി പുഷ് അപ്പ് ചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചത്. മാസ്‌ക് ധരിക്കാത്തവര്‍ 50 എണ്ണവും മാസ്‌ക് ശരിയായി ധരിക്കാത്തവര്‍ 15 എണ്ണം വീതവും പുഷ് അപ്പ് എടുക്കണമെന്നുമായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം.