KeralaNews

പങ്കാളിത്ത പെൻഷനിൽ പുന:പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ; മൂന്നംഗ സമിതി രൂപീകരിച്ചു

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കായി സംസ്ഥാനത്ത് 2013 ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. മൂന്നംഗ സമിതിക്ക് ചുമതല നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചേർന്ന സമിതിക്കാണ് രൂപം നൽകിയത്.

ഒന്നാം പിണറായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ബാബു സമിതി നൽകിയ ശുപാർശകൾ മൂന്നംഗ സമിതി പരിശോധിക്കും. കേന്ദ്ര പെൻഷൻ നിയമത്തിന് വിരുദ്ധമായി എങ്ങനെ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നതിൽ അന്തിമ തീരുമാനത്തിലേക്കെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. 

സംസ്ഥാനത്ത് 2013 മുതലാണ് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത്. നിലവിലെ ജീവനക്കാരിൽ ഏകദേശം മൂന്നിൽ ഒന്നുപേർ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലാണ്. പ്രതിമാസ ശമ്പളവും ക്ഷാമബത്തയും അടങ്ങുന്ന തുകയുടെ പത്തു ശതമാനമാണ് ജീവനക്കാർ പെൻഷൻ അക്കൗണ്ടിലേക്ക് നൽകുന്നത്. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കാനുള്ള സാധ്യതകളെക്കുറിച്ചു പഠിച്ച് റിപ്പോർട്ടു സമർപ്പിക്കാൻ 2018 ൽ ഒരു സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. 2021 ഏപ്രിൽ 30 ന് സമിതി റിപ്പോർട്ടു സമർപ്പിച്ചെങ്കിലും അതു പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല.

പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കാൻ കേരളത്തിനു മുന്നിലുള്ള വെല്ലുവിളികൾ ഏറെയാണ്. പി.എഫ്.ആർ.ഡി.എയിലേക്ക് കൈമാറിയ പണം തിരികെ ലഭിക്കില്ല എന്നുള്ളതാണ് പ്രധാന തടസ്സമായി ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയിൽ നിന്നു പിന്മാറുമ്പോൾ ജീവനക്കാർ അടച്ച തുക എങ്ങനെ തിരികെ നൽകുമെന്നാണ് സർക്കാർ ആലോചിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാറിന് ഇപ്പോഴത്തെ അവസ്ഥയിൽ ഇത് ഭാരിച്ച ബാധ്യതയായി മാറും.

പെൻഷൻ പ്രായത്തിൽ മാറ്റം വേണ്ടി വരുമെന്നതാണ് മറ്റൊരു പ്രശ്നം. പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളവരുടെ വിരമിക്കൽ പ്രായം 60 വയസ്സാണ്. മറ്റുള്ളവരുടേത് 56 ഉം. പെൻഷൻ പ്രായത്തിൽ ഏകീകരണം കൊണ്ടു വരികയെന്നതും ബുദ്ധിമുട്ടാകും. ഇതിനിടെ പെൻഷൻ പറ്റിയ പങ്കാളിത്ത പെൻഷൻകാർക്ക് എങ്ങനെ ആനുകൂല്യങ്ങൾ നൽകുമെന്ന മറ്റൊരു ചോദ്യവുമുണ്ട്.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ പെട്ടെന്നൊരു തീരുമാനം സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. സമിതിയുടെ പഠന റിപ്പോർട്ട് സർക്കാറിന്റെ പരിഗണനയിലാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിന്  നിയമതടസ്സമില്ലെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker