മമത ബാനര്‍ജിക്കും സോഷ്യലിസത്തിനും വിവാഹം; ആശംസകള്‍ അര്‍പ്പിച്ച് കമ്യൂണിസവും ലെനിനിസവും മാര്‍ക്സിസവും!
സേലം: മമതാ ബാനര്‍ജിയുടെയും സോഷ്യലിസത്തിന്റെയും വിവാഹമാണ് ഈ വരുന്ന ഞായറാഴ്ച. ആശംസയര്‍പ്പിച്ച് കമ്യൂണിസവും ലെനിനിസവും മാര്‍ക്സിസവും രംഗത്തുണ്ട്. അതേ, ഇത് കേട്ട് ആരും അമ്പരക്കേണ്ട. സംഭവം സത്യമാണ്.
സിപിഐയുടെ സേലം ജില്ലാ സെക്രട്ടറി എ മോഹനന്റെ മകനാണ് സോഷ്യലിസം. സോഷ്യലിസത്തിന്റെ സഹോദരങ്ങളാണ് കമ്യൂണിസവും ലെനിനിസവും. ഈ ഞായറാഴ്ച സേലത്തു വച്ചാണ് ഇളയ സഹോദരന്‍ സോഷ്യലിസത്തിന്റെ വിവാഹം നടക്കുന്നത്. വധു അടുത്ത ബന്ധുവായ മമത ബാനര്‍ജി.
മോഹനന്റെ കുടംബം എല്ലാം മുത്തച്ഛനും അച്ഛനുമെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു. മോഹനന്‍ പതിനെട്ടു വയസു മുതല്‍ സിപിഐയുടെ സജീവ പ്രവര്‍ത്തകനാണ്. കൂടാതെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീരപാണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്നു. താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള ഇഷ്ടം കൊണ്ട് മകള്‍ക്ക് കമ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നിങ്ങനെ പേരിടുകയായിരുന്നെന്നാണ് മോഹനന്‍ പറയുന്നത്. രണ്ടാമത്തെ മകന്‍ ലെനിനിസത്തിനു കുഞ്ഞുണ്ടായപ്പോള്‍ പേരിട്ടത് അച്ഛന്റെ പാത പിന്തുടര്‍ന്ന്- മാര്‍ക്സിസം എന്നായിരുന്നു.
സ്‌കൂള്‍ പഠന കാലത്ത് മക്കളെ കൂട്ടുകാര്‍ പേരിന്റെ പേരില്‍ കളിയാക്കിയിരുന്നെന്ന് ഓര്‍ത്തെടുക്കുന്നു മോഹനന്‍. എന്നാല്‍ കോളജില്‍ എത്തിയപ്പോള്‍ അതൊക്കെ മാറി. ആളുകള്‍ക്ക് ഈ പേരുകളോട് പ്ര്ത്യേക ആകര്‍ഷണമൊക്കെ തോന്നിത്തുടങ്ങിയിരുന്നു. മോഹനന്റെ മൂത്ത മകന്‍ കമ്യൂണിസം ഒരു അഭിഭാഷകനാണ്. ലെനിനസവും സോഷ്യലിസവും ചേര്‍ന്ന് വെള്ളി ആഭരണശാല നടത്തുന്നു. മൂന്നു പേരും സിപിഐ പ്രവര്‍ത്തകരാണ്.
സോഷ്യലിസത്തിന്റെ വധു മമത ബാനര്‍ജിയുടെ കുടുംബം കോണ്‍ഗ്രസുകാരാണ്. മമത ബാനര്‍ജി ബംഗാളില്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന കാലത്താണ് കുടുംബത്തില്‍ കുഞ്ഞുപിറക്കുന്നത്. അങ്ങനെയാണ് ഈ മമത ബാനര്‍ജിയുടെ ‘പിറവി’.
വീട്ടില്‍ ചെറിയൊരു ചടങ്ങായി ആണ് വിവാഹം നടത്തുന്നത്. എന്നാല്‍ ക്ഷണക്കത്ത് ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ മോഹനന്റെ ഫോണിനു വിശ്രമമേയില്ലയിരുന്നു. വിശേഷങ്ങള്‍ ചോദിച്ചും ആശംസകള്‍ അറിയിച്ചും വിളിയോടു വിളി തന്നെയായിരുന്നു.