നെഞ്ചുവേദനയായി പോയ ശിവശങ്കരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗം ഐസിയുവില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാര്‍ അടങ്ങുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്.
നട്ടെല്ലിന് വേദനയുണ്ടെന്ന് എം ശിവശങ്കര്‍ പറയുന്നുണ്ട്.

ഇതില്‍ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്. കസ്റ്റംസ് വാഹനത്തില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍ എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ ആന്‍ജിയോഗ്രാം പൂര്‍ത്തിയാക്കിയ ശിവശങ്കറിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്.

ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.ഇന്നാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദഗ്ധ പരിശോധന ആവശ്യമാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. ഉച്ചക്ക് ശേഷമാണ് ആശുപത്രി മാറ്റത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ശിവശങ്കറിനെ പ്രവേശിപ്പിച്ച ബ്ലോക്കിന് സമീപത്തേക്ക് ആംബുലന്‍സ് എത്തിച്ചു.

പിന്നീട് നടപടി ക്രമങ്ങള്‍ ബാക്കിയാണെന്ന് അറിയിച്ച്‌ വാഹനം മാറ്റിയിട്ടു. തുടര്‍ന്ന് രണ്ടേകാലിന് ശേഷമാണ് എം ശിവശങ്കറിനെ പുറത്തെത്തിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്.