30.6 C
Kottayam
Tuesday, April 30, 2024

ഇന്നു തന്നെ മഠം വിട്ടിറങ്ങണം; സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ ശക്തമായ നിലപാടെടുത്ത് സഭ

Must read

കോട്ടയം: സിസ്റ്റര്‍ ലൂസി കളപ്പുരയോട് ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം. ഇതുമായി ബന്ധപ്പെട്ട് സഭ ലൂസി കളപ്പുരയുടെ അമ്മയ്ക്ക് സഭ കത്തയച്ചു. മാത്രമല്ല, ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയത്.

കഴിഞ്ഞ മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. സഭയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു വിശദീകരണം. ഒന്നിലധികം തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു.

നിലവിലെ കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഒരു കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാര്‍ വാങ്ങി, ശമ്പളം മഠത്തിലേക്ക് നല്‍കിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്‌ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week