ഒരുമിച്ചുള്ള ജീവിതം അസഹനീയം, ശരിയാവില്ലെന്ന് മനസിലായി; വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് വൈക്കം വിജയലക്ഷ്മി
വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി. ശരിയാവില്ലെന്ന് മനസിലായി തന്നെയാണ് പിരിയുന്നതെന്നും ഒരുമിച്ച് എടുത്ത തീരുമാനമാണെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബര്‍ 22നായിരുന്നു.
ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെ കുറിച്ചും പാട്ട് ജീവിതത്തെ കുറിച്ചും വൈക്കം വിജയലക്ഷ്മി മനസ് തുറന്നത്. താന്‍ തന്നെയാണ് വിവാഹ മോചനത്തിന് മുന്‍ കൈയെടുത്തതെന്നും ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.
വിജയലക്ഷ്മിയുടെ വാക്കുകള്‍;
‘ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നത്.
‘ആറാമത്തെ വയസില്‍ ദാസേട്ടന് ഗുരുദക്ഷിണ നല്‍കിയാണ് സംഗീത ജീവിതം ആരംഭിച്ചത്. അദ്ദേഹമാണ് എന്റെ മാനസഗുരു. എം ജയചന്ദ്രന്‍ സാറാണ് ആദ്യം മിമിക്രി ചെയ്യിപ്പിച്ചത്. സാറിനെ അനുകരിക്കുമായിരുന്നു. ഇവിടെ എന്റെയൊരു മാമനുണ്ട് അദ്ദേഹം മിമിക്രി ചെയ്യാറുണ്ട്. മിമിക്രി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുറേ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്രേം വലിയ ഗായികയല്ലേ… അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയാറുണ്ട് ചിലര്‍. അങ്ങനെ പറയുന്നവരുടെ മുന്നില്‍ കുറച്ചൂടെ ചെയ്യും.