നിവൃത്തിയില്ല,ഒടുവില്‍അമ്മയിൽ അംഗത്വം തേടി നടൻ ശ്രീനാഥ് ഭാസി
കൊച്ചി:സിനിമ സംഘടനകൾ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കുകയുള്ളൂ.
ഡേറ്റ് നൽകാമെന്നു പറഞ്ഞു നിർമാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകൾക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂളുകൾ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചത്.
നിർമാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്കു റിസ്കെടുക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കിയതിനു പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്.
എഡിറ്റ് ചെയ്ത ഭാഗങ്ങളിൽ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളാണു ഷെയ്നുമായുള്ള നിസ്സഹകരണത്തിനു കാരണമായത്. ഷെയ്ൻ അമ്മ അംഗമാണ്.
അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നിർമാതാക്കളുടെ നിലപാടിനെ പൂർണമായി പിന്തുണയ്ക്കുന്നില്ലെന്നു ഫെഫ്ക നേതൃത്വം വ്യക്തമാക്കി. താരങ്ങൾ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു തങ്ങളുടെ പക്കൽ പട്ടികയൊന്നുമില്ലെന്നും നിർമാതാക്കൾ പറഞ്ഞത് അവരുടെ നിലപാടാണെന്നും ഫെഫ്ക ചൂണ്ടിക്കാട്ടുന്നു.