‘മകനാണ് ആ മെസ്സേജ് അയച്ചതെന്ന് പിന്നീടാണ് മനസിലായത്’കുറിപ്പ് പങ്കുവെച്ച് നടൻ വിനീത്
കൊച്ചി:പ്രായമായ അമ്മയോ അച്ഛനോ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പഠിച്ച ശേഷം ആദ്യമായി അയക്കുന്ന മെസ്സേജുകള്‍ മക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അവര്‍ ഒരു പുതിയ കാര്യം ചെയ്തതിന്റെ സന്തോഷം മുഴുവന്‍ ആ പോസ്റ്റിലുണ്ടാകും. എന്നാല്‍ മക്കള്‍ ആദ്യമായി മാതാപിതാക്കള്‍ക്ക് ഒരു മെസ്സേജ് അയച്ചാല്‍ അവരുടെ സന്തോഷം എത്രത്തോളമുണ്ടാകും. ആ സമയത്ത് അവരുടെ വികാരം എന്തായിരിക്കും.
അത്തരത്തില്‍ മകന്‍ വിഹാന്‍ തനിക്ക് അയച്ച ഒരു വാട്‌സാപ്പ് മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ വിനീത് ശ്രീനിവാസന്‍. ഭാര്യ ദിവ്യയ്ക്ക് ഫോണില്‍ അയച്ച മെസ്സേജിനാണ് മകന്‍ മറുപടി നല്‍കിയത്.
കണ്ണൂരില്‍ വിമാനമിറങ്ങി എന്നായിരുന്നു വിനീത് ഭാര്യക്ക് അയച്ച മെസ്സേജ്. ‘വിനീത്, നിത്യയ്ക്ക് കുഴപ്പമൊന്നുമില്ല, അവര്‍ വിശ്രമിക്കുകയാണ് ‘ എന്നായിരുന്നു ഇതിന് ലഭിച്ച മറുപടി. ഈ മെസ്സേജ് മൂത്ത മകന്‍ വിഹാന്‍ അയച്ചതാണ് എന്നത് പിന്നീടാണ് വിനീതിന് മനസിലായത്. ദിവ്യയെ വീട്ടില്‍ എല്ലാവരും നിത്യ എന്നാണ് വിളിക്കുന്നതെന്നും വിനീത് പോസ്റ്റില്‍ പറയുന്നു. ദിവ്യ-വിനീത് ദമ്പതികള്‍ക്ക് ഷനയ എന്ന് പേരുള്ള ഒരു മകള്‍ കൂടിയുണ്ട്.