27.7 C
Kottayam
Thursday, March 28, 2024

‘തന്തയില്ലാത്ത കുഞ്ഞിനെ ഉണ്ടാക്കിത്തരുമെന്ന് ഭീഷണി,ജാതിപേര് വിളി’; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പരാതി

Must read

കോട്ടയം:എം.ജി.സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി എ.ഐ.എസ്.എഫ് വനിതാ നേതാവിന്റെ പരാതി. തനിക്കു നേരെ എസ്എഫ്ഐ നേതാക്കൾ ബലാത്സംഗ ഭീഷണി മുഴക്കിയെന്നും കയറിപിടിച്ചെന്നും ജാതിപേര് വിളിച്ചെന്നും യുവതി പരാതിയിൽ ആരോപിച്ചു.

സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ അക്രമിച്ചിരുന്നു. തുടർന്ന് എഐഎസ്എഫ് വനിതാ നേതാവ് രോഷാകുലയായി പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. എഐഎസ്എഫ് പ്രവർത്തകനെ ഒറ്റയ്ക്ക് വളഞ്ഞിട്ടാക്രമിച്ച നടപടിയിൽ പ്രകോപിതയായി പെൺകുട്ടി പോലീസിന് മുന്നിൽ പൊട്ടിത്തെറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.

‘ഒരാളെ ഒറ്റയ്ക്ക് ആക്രമിക്കുന്നതാണോ എസ്എഫ്ഐയുടെ ജനാധിപത്യം. എന്ത് ജനാധിപത്യമാണ് ഇവർക്കുള്ളത്. ആദ്യം ജനാധിപത്യമെന്ന് എഴുതി പഠിക്കെടാ… ആർഎസ്എസുക്കാരാവല്ലെടാ’ രോഷത്തോടെ പെൺകുട്ടി പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.

സംഭവത്തിന് പിന്നാലെ അക്രമത്തിനിരയായ എഐഎസ്എഫ് പ്രവർത്തകരും വനിതാ നേതാവും രണ്ട് പരാതികളാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നൽകിയിരിക്കുന്നത്.

‘എസ്.എഫ്.ഐക്കെതിരെ നിന്നാൽ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന അലറി വിളിച്ച് ഭീഷണിപ്പെടുത്തി. ശരീരത്തിൽ കയറി പിടിച്ചു. ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചാണ് ശരീരത്തിൽ നിന്നുള്ള പിടുത്തം വിടുവിച്ചത്. സ്ത്രീത്വത്തേയും ജാതിപ്പേര് വിളിച്ചും അധിക്ഷേപിച്ചു. തന്നെ അക്രമിച്ചതിന്ന് നേതൃത്വം നൽകിയവർ തന്നെ വ്യക്തിപരമായി അറിയുന്ന ഒപ്പം പഠിക്കുന്നവരാണ്’ യുവതിയുടെ പരാതിയിൽ പറയുന്നു.

എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആർഷോ, ജില്ലാ സെക്രട്ടറി അമൽ, പ്രജിത്ത് കെ.ബാബു, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ പേഴ്സണൽ സ്റ്റാഫംഗം കെ.എം.അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്.

ഞങ്ങൾ മത്സരത്തിനിറങ്ങി എന്നത് മാത്രമായിരുന്നു പ്രശ്നം. എഐഎസ്എഫ് ജനറൽ സീറ്റിലെ ഒറ്റ സീറ്റിൽ മാത്രമാണ് മത്സരിച്ചത്. സെനറ്റിലെ ബാക്കി 14 സീറ്റിലും ഏകപക്ഷീയമായി ജയിച്ച് നിന്നിട്ടാണ് എസ്എഫ്ഐ ഞങ്ങളെ ഒരു സീറ്റിൽ പോലും മത്സരിക്കാൻ അനുവദിക്കാതിരിക്കുന്നതെന്ന് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ഷാജോ പറഞ്ഞു.

ഏകപക്ഷീയമായിരുന്നു ആക്രമണം. വർഷങ്ങളായി ഞങ്ങൾ സഖ്യത്തിലല്ല മത്സരിക്കുന്നത്. ഇത്തവണ സഖ്യത്തിനായി മൂന്ന് തവണ എസ്എഫ്ഐ ജില്ലാ നേതൃത്വവുമായും ഒരു തവണ സംസ്ഥാന നേതൃത്വവുമായും സംസാരിച്ചതാണ്. എന്നാൽ ഒരു അനുകൂല പ്രതികരണവും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല.

പ്രവർത്തിക്കുന്ന വിദ്യാർഥികളെ തിരഞ്ഞുപിടിച്ചാണ് എസ്എഫ്ഐ നേതാക്കൾ അക്രമിക്കുന്നത്. സർവകലാശാല കവാടത്തിന് മുന്നിൽ എസ്എഫ്ഐക്കാർ കാവൽ നിൽക്കുകയാണ്. അവരുടെ പ്രവർത്തകരെല്ലാത്തവരുടെ വാഹനങ്ങൾ പരിശോധന നടത്തിയാണ് കടത്തിവിടുകയെന്നും ഷാജോ പറഞ്ഞു.

സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിൽ ജനറൽ കൗൺസിലിലേക്ക് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.ഷാജോ മത്സരിച്ചിരുന്നു. സെനറ്റിലേക്ക് എസ്.എഫ്.ഐ. യെക്കൂടാതെ എ.ഐ.എസ്.എഫ്. മാത്രമാണ് മത്സരിച്ചത്. കെ.എസ്.യു. വോട്ടിങ്ങിൽനിന്ന് പിന്മാറിയിരുന്നു. വോട്ടിങ്ങിനായി എ.ഐ.എസ്.എഫ്. കൗൺസിലർമാർ യൂണിവേഴ്സിറ്റിയിൽ എത്തിയതോടെ പ്രകോപിതരായ എസ്.എഫ്.ഐ. ക്കാർ ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ്. ആരോപിക്കുന്നത്.

മാറിനിന്ന് ഫോൺ ചെയ്തിരുന്ന സംസ്ഥാന കൗൺസിൽ അംഗം കൂടിയായ എ.സഹദിനെ എസ്.എഫ്.ഐ. സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ്. ആരോപിച്ചു. മറ്റുള്ളവർ ചേർന്ന് സഹദിനെ രക്ഷപ്പെടുത്തി. പോലീസ് സംഘം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സംസ്ഥാന ജോയിന്റ് സെക്രട്ടറികൂടിയായ ഋഷിരാജിന് നേരെയും ആക്രമണമുണ്ടായി.

സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അമൽ അശോകൻ, നിമിഷാ രാജു എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എ.ഐ.എസ്.എഫ്. പ്രവർത്തകരുടെ മൊഴിയനുസരിച്ച് ഗാന്ധിനഗർ പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week