29.5 C
Kottayam
Wednesday, April 24, 2024

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നു

Must read

ജിദ്ദ:കോവിഡ് വ്യാപിച്ചതിനെത്തുടര്‍ന്ന് താല്‍ക്കാലിക യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നു.കോവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസും സൗദിയില്‍ നിന്ന് നേരിട്ട് പൂര്‍ത്തീകരിച്ച, സൗദി ഇഖാമ ഉള്ളവര്‍ക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം.

ഇതുസംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേക്കും അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഉടന്‍ നടപ്പാക്കിയേക്കാം എന്നുമറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സൗദി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും രാജ്യത്തെ വിദേശ നയതന്ത്ര കാര്യാലയങ്ങളില്‍ ലഭിച്ചു. സര്‍ക്കുലര്‍ ലഭിച്ച കാര്യം സൗദിയിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചിട്ടണ്ട്.

പുതിയ തീരുമാനമനുസരിച്ച്‌ സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കി ഇന്ത്യ ഉള്‍പ്പെടെ യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ അവധിക്ക് പോയി തിരിച്ചു വരുന്ന സൗദിയില്‍ താമസരേഖയുള്ള പ്രവാസികള്‍ക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. എന്നാല്‍ തീരുമാനം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതിനെക്കുറിച്ച്‌ വ്യക്തതയില്ല. ഇപ്രകാരം സൗദിയിലേക്ക് നേരിട്ട് എത്തുന്നവര്‍ ചില കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടിവരും.

ഇതിനോടകം സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്സിനെടുത്ത് നാട്ടില്‍ അവധിക്കായി പോയ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് പുതിയ തീരുമാനപ്രകാരം സൗദിയിലേക്ക് നേരിട്ട് മടങ്ങാനാവും. എന്നാല്‍ സൗദിയില്‍ നിന്നും ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും നാട്ടില്‍ നിന്നും വാക്സിന്‍ എടുത്തവര്‍ക്കും നിലവില്‍ പുതിയ തീരുമാനം ബാധകമാവില്ല.

ഘട്ടംഘട്ടമായി വരും ദിവസങ്ങളില്‍ ഇത്തരക്കാര്‍ക്കും നേരിട്ട് പ്രവേശനം അനുവദിച്ചേക്കും. ഇന്ത്യ, പാക്കിസ്ഥാന്‍, യു.എ.ഇ, ഈജിപ്ത്, ബ്രസീല്‍, അര്‍ജന്റീന, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, വിയറ്റ്നാം, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ലബനാന്‍, എത്യോപ്യ എന്നീ 13 രാജ്യങ്ങളില്‍ നിന്നാണ് നിലവില്‍ സൗദിയിലേക്ക് നേരിട്ട് പ്രവേശനം വിലക്കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week