33.4 C
Kottayam
Monday, May 6, 2024

ഐഎസ്ആർഒ ചാരക്കേസ്: സി.ബി.ഐയ്ക്ക് തിരിച്ചടി, ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

Must read

തിരുവനന്തപുരം:ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ​ഗുഢാലോചന കേസിൽ സിബിഐക്ക് തിരിച്ചടി. ​ഗുഢാലോചനയുണ്ടെന്ന് കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിലയിരുത്തി. ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണ സംഘം തട്ടിക്കൊണ്ട് പോയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ജെയിൻ കമ്മിറ്റി റിപ്പോർട്ടിലെ നിർണായക നിരീക്ഷണങ്ങൾ സിബിഐ പരിശോധിക്കണം. മാലി വനിതകള്‍ നിരന്തരം ശാസ്ത്രജ്ഞരെ സന്ദര്‍ശിച്ചതിന്റെ കാരണം കണ്ടെത്തണം. എന്നാല്‍ ഈ വനിതകള്‍ ചാരവൃത്തി നടത്തിയെന്ന് പറയാനാകില്ല. കസ്റ്റഡി ചോദ്യം ചെയ്യല്‍ ഗൂഢാലോചന കേസിലും ആവര്‍ത്തിക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കേസിൽ സിബിഐ പ്രതിചേർത്ത സിബി മാത്യൂസിന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. 60 ദിവസത്തേക്കാണ് മുൻകൂർ ജാമ്യം. തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്ന് ജാമ്യം ലഭിച്ച ശേഷം സിബി മാത്യൂസ് പ്രതികരിച്ചു.

ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുൻ ഡിജിപി സിബി മാത്യൂസ്. ചാരക്കേസിൽ പ്രതിയായ നമ്പിനാരായണനെ ഇന്‍റലിജന്‍സ് ബ്യൂറോയുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബി മാത്യൂസിന്‍റെ വാദം.

നമ്പിനാരായണനെ കസ്റ്റഡിൽ മർദ്ദിച്ചുവെന്ന് ജാമ്യാപേക്ഷയെ എതിർത്ത് സിബിഐയും വാദിച്ചു. സിബി മാത്യൂസിന്‍റെ ജാമ്യ ഹർജിയെ എതിർത്ത് നമ്പിനാരായണനും ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട മാലി വനിതകളും കക്ഷി ചേർന്നിരുന്നു. ഗൂഡാലോചന കേസിലെ മറ്റ് നാല് പ്രതികള്‍ക്കും ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week