NationalNewsPolitics

രാഷ്ട്രപതി സ്ഥാനാ‍ർത്ഥിയാവാനില്ല, നിലപാട് വ്യക്തമാക്കി ശരദ് പവാർ, പ്രതിപക്ഷത്തിന് തിരിച്ചടി

ന്യൂഡൽഹി: എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാ‍ർത്ഥിയാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് തിരിച്ചടി. സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ ഇടതു നേതാക്കളെ അറിയിച്ചു. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവച്ചു. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും  സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുമാണ് പവാറിന്റെ മനസ്സറിയാൻ കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ‍്ച നീണ്ടുനിന്നു. സമവായ സ്ഥാനാർത്ഥി എന്ന സൂചന എൻഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാൽ ഒരു മത്സരത്തിനില്ലെന്ന് ശരദ് പവാർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പവാർ ഇടതുനേതാക്കളെ അറിയിച്ചു. 

പ്രതിപക്ഷ പാർട്ടികളാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി ശരദ് പവാറിൻറെ പേര് മുന്നോട്ടുവച്ചത് . പവാറാണ് സ്ഥാനാർത്ഥിയെങ്കിൽ അംഗീകരിക്കാം എന്ന സൂചന കോൺഗ്രസും ഇടതുപക്ഷവും നൽകിയിരുന്നു. പവാറിനെ അംഗീകരിക്കാം എന്ന് ആം ആദ്‍മി പാർട്ടിയും വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സ്ഥാനാർത്ഥിയാകാനില്ലെന്ന നിലപാട് പവാർ വ്യക്തമാക്കിയത്.

പ്രതിപക്ഷ പാർട്ടികളുടെ നീക്കം പവാർ തള്ളിയതോടെ, മമത ബാനർജി നാളെ വിളിച്ച യോഗം നിർണായകമായി. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലേക്ക് കോൺഗ്രസിനെയും ഇടതുപാർട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. പവാറും യോഗത്തിനായി ദില്ലിയിൽ എത്തും. പവാർ പിൻവാങ്ങിയതിനാൽ, ഗുലാംനബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളിൽ ചിലർ ചർച്ചകൾ നടത്തിയിട്ടുണ്ട്. കോൺഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ഗുലാം നബിയാണ്. ഗുലാം നബിയെ പിന്തുണയ്ക്കാം എന്ന ധാരണ പൊതുവേ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെന്ന നിലപാടിലാണ് ഇടതുനേതാക്കളും. എന്തായാലും നിലവിലെ  സാഹചര്യത്തിൽ നാളെ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്കെത്താനുള്ള സാധ്യത കുറവാണ്. 

രാഷ്ട്രപതി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ബിജെപിയും നീക്കം സജീവമാക്കിയിട്ടുണ്ട്. എൻഡിഎയിലെ സഖ്യകക്ഷികളുമായി രാജ് നാഥ് സിംഗും ജെ.പി.നഡ്ഡയും ചർച്ച തുടങ്ങിയതായാണ് സൂചന. രാംനാഥ് കോവിന്ദിന് ഒരു ടേം കൂടി നൽകേണ്ടതുണ്ടോ എന്ന ആലോചനയും പാർട്ടിയിലുണ്ട്. 

രാംനാഥ് കോവിന്ദിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് അടുത്ത മാസം 18ന് നടക്കും. ജൂലൈ 21ന് ആണ് വോട്ടെണ്ണുക. ആകെ 4,809 വോട്ടർമാരാണുള്ളത്. 776 എംപിമാരും 4,033 എംഎൽഎമാരും ചേർന്നതാണിത്. പാർലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഇലക്ടോറൽ കോളേജ്. എംപിമാരും എംഎൽഎമാരും ചേർന്നുള്ള വോട്ട് മൂല്യം 10,86,431 ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ അറിയിച്ചു. 5,43,200 ആണ് എംപിമാരുടെ വോട്ട് മൂല്യം. എംഎൽഎമാരുടെ വോട്ട് മൂല്യം 5,43,231 ആണ്. എന്നാൽ രാജ്യസഭയിലെയും ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടാകില്ല. 50 പേരാണ് പുതിയ സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്യേണ്ടെത്. പിന്താങ്ങാനും 50 പേർ വേണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker