25.6 C
Kottayam
Friday, April 19, 2024

‘റിഷഭ് പന്ത് മാച്ച് വിന്നര്‍, സഞ്ജു സാംസണ്‍ കാത്തിരിക്കണം’; വിമര്‍ശകരോട് ശിഖര്‍ ധവാന്‍

Must read

ക്രൈസ്റ്റ് ചര്‍ച്ച്: ഇന്ത്യന്‍ ടീമില്‍ ഒരിക്കല്‍ കൂടി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് അവസരം നഷ്‌ടമായി. റിഷഭ് പന്തില്‍ ടീം കൂടുതല്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍ അദേഹത്തിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനത്തിലേക്ക് ഉയരാനാവുന്നില്ല. സഞ്ജുവിനെ നിരന്തരം തഴയുന്നത് വലിയ വിമര്‍ശനത്തിന് വഴിവെക്കുമ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ് പര്യടനത്തില്‍ ടീം ഇന്ത്യയെ നയിക്കുന്ന നായകന്‍ ശിഖര്‍ ധവാന്‍. മാച്ച് വിന്നറാണ് റിഷഭ് പന്ത് എന്നതാണ് താരത്തെ സ്ഥിരമായി കളിപ്പിക്കാന്‍ ധവാന്‍ പറയുന്ന കാരണം. 

ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തില്‍ സഞ്ജു സാംസണിനെ മറികടന്ന് റിഷഭ് പന്തിന് അവസരം നല്‍കിയപ്പോള്‍ താരം 16 പന്തില്‍ 10 മാത്രം റണ്‍സെടുത്ത് പുറത്തായി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ റിഷഭിന്‍റെ പരാജയം തുടരുമ്പോള്‍ താരത്തിന് സ്ഥിരമായി അവസരം നല്‍കുകയും സഞ്ജു സാംസണിനെ തഴയുകയും ചെയ്യുന്നു ടീം മാനേജ്‌മെന്‍റ് എന്നതാണ് വിമര്‍ശനം. 10, 15, 11, 6, 6, 3, 9, 9 27 എന്നിങ്ങനെയാണ് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ രണ്ട് ഫോര്‍മാറ്റുകളിലും കഴിഞ്ഞ 9 ഇന്നിംഗ്‌സുകളില്‍ റിഷഭ് പന്തിന് നേടാനായത്. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം തടഞ്ഞ് റിഷഭിനെ സംരക്ഷിക്കുകയാണ് നായകന്‍ ശിഖര്‍ ധവാന്‍ മത്സര ശേഷമുള്ള വാര്‍ത്തസമ്മേളനത്തില്‍ ചെയ്തത്. 

‘നിങ്ങള്‍ വിശാലമായി ചിന്തിക്കണം. ആരാണ് മാച്ച് വിന്നറെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. നിങ്ങൾ വിശകലനം ചെയ്യുക, നിങ്ങളുടെ തീരുമാനങ്ങൾ അതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. തീര്‍ച്ചയായും സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നുണ്ട്. ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ ചിലപ്പോള്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കണം. കാരണം മറ്റൊരു താരം മുമ്പ് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. പന്തിന്‍റെ പ്രതിഭ എന്താണെന്ന് നമുക്കറിയാം. അയാളൊരു മാച്ച് വിന്നറാണ്. അതിനാല്‍ റിഷഭ് പന്ത് മോശം പ്രകടനം പുറത്തെടുക്കുമ്പോള്‍ പിന്തുണ നല്‍കേണ്ടതുണ്ട്’ എന്നും ശിഖ‍ര്‍ ധവാന്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യ ന്യൂസിലന്‍ഡ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ആദ്യ ഏകദിനത്തില്‍ വിജയം നേടിയ കിവീസ് 1-0ന് പരമ്പര സ്വന്തമാക്കി. രണ്ടാം ഏകദിനവും മഴ മൂലം നേരത്തെ ഉപേക്ഷിച്ചിരുന്നു. ന്യൂസിലന്‍ഡിന്‍റെ ടോം ലാഥം പ്ലെയര്‍ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യത്തേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ എത്തിയത്. ഈസമയം കിവീസ് ഇന്നിംഗ്സിലെ 18 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week