31.1 C
Kottayam
Thursday, May 2, 2024

അഫ്​ഗാനിലെ മദ്റസയിൽ സ്ഫോടനം; 10 കുട്ടികളടക്കം 16പേര്‍ക്ക് ദാരുണാന്ത്യം

Must read

കാബൂൾ: അഫ്​ഗാനിസ്ഥാനിലെ മദ്റസയിൽ നടന്ന സ്ഫോടനത്തിൽ പത്ത് കുട്ടികളുൾപ്പെടെ 16 മരണമെന്ന് റിപ്പോർട്ട്. വടക്കൻ ന​ഗരമായി അയ്ബനിലാണ് രാജ്യത്തെ ഞെട്ടിച്ച സ്ഫോടനം നടന്നത്. 24പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഏറെയും കുട്ടികളാണെന്ന് സമൻ​ഗാൻ പ്രവിശ്യ തലസ്ഥാനത്തെ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.

സ്‌ഫോടനത്തിൽ 10 വിദ്യാർത്ഥികളെങ്കിലും കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നാഫി ടാക്കൂർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 

നേരത്തെ പാകിസ്ഥാനില്‍ എമ്പാടും അക്രമണത്തിന് ഉത്തരവിട്ട് പാക് താലിബാന്‍ രംഗത്തെത്തിയിരുന്നു.താലിബാന്‍ ഭരണകൂടം നിലവില്‍ വന്നതിന് പിന്നാലെ കഴിഞ്ഞ ജൂണില്‍ പാക് താലിബാനും പാകിസ്ഥാന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ താലിബാന്‍ ഭരണകൂടം മധ്യസ്ഥത വഹിച്ചിരുന്നു. എന്നാല്‍ ഈ വെടിനിര്‍ത്തല്‍ ധാരണ അവസാനിപ്പിച്ചതായും രാജ്യത്തെമ്പാടും അക്രമണത്തിന് പാകിസ്ഥാന്‍ താലിബാന്‍ തങ്ങളുടെ പോരാളികളോട് ഉത്തരവിട്ടതായുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2007 ലാണ് തെഹ്‍രികെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന പാക് താലിബാന്‍റെ ഉദയം. അവിടെ നിന്ന് ഇങ്ങോട്ട് പാകിസ്ഥാനിലെ നൂറ് കണക്കിന് അക്രമണങ്ങള്‍ക്ക് ഉത്തരവാദികളാണ് ടിടിപി. 

രണ്ടാം തവണയും അഫ്ഗാന്‍റെ അധികാരത്തിലേക്ക് തിരിച്ചെത്തിയ താലിബാന്‍ ഭരണാധികാരികള്‍ ടിടിപിയുമായി സമാധാന ചർച്ചകൾക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന്‍റെ ഫലമായി ഈ വർഷം ആദ്യം വെടിനിര്‍ത്തല്‍ ഉടമ്പടി അംഗീകരിക്കപ്പെട്ടു. എന്നാൽ, പിന്നീടിങ്ങോട്ട് ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് മാത്രമല്ല പലപ്പോഴും പാക് സൈന്യവും പാക് താലിബാനും വെടിനിര്‍ത്തല്‍ ലംഘിക്കുകയും ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചെന്ന് അവകാശപ്പെട്ട പാക് താലിബാന് ആദ്യമായാണ് രാജ്യവ്യാപകമായി അക്രമങ്ങള്‍ക്ക് ഉത്തരവിടുന്നത്. 

സമാധാനം അട്ടിമറിക്കപ്പെടാതിരിക്കാന്‍ തങ്ങളുടെ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ പാക് സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും അടുത്തകാലത്തായി തങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം അക്രമണങ്ങളും പ്രതികാര നടപടികളും ആരംഭിച്ചെന്നും പാക് താലിബാന്‍ ആരോപിക്കുന്നു. അതിനാല്‍ തങ്ങള്‍ രാജ്യത്തുടനീളം അക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണെന്നും പാക് താലിബാന്‍ പറയുന്നു. വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ തങ്ങളുടെ പ്രദേശത്ത് റെയ്ഡ് നടത്തുകയായിരുന്നെന്ന് പാക് താലിബാന്‍ അവകാശപ്പെട്ടു. തീവ്രവാദികളെ നേരിടുന്നതിനായി സൈന്യം പ്രദേശത്ത് പട്രോളിംഗ് നടത്തുകയാണെന്നും ഹെലികോപ്റ്റര്‍ ഗണ്‍ഷിപ്പുകള്‍ പാക് താലിബാന്‍റെ ഒളിയിടങ്ങളില്‍ ശക്തമായ ഷെല്ലാക്രമണം നടത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

പാക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് താലിബാൻ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരം ഏറ്റെടുത്തതിന് പിന്നാലെ പാകിസ്ഥാനിലെ തീവ്രവാദ ആക്രമണങ്ങളിൽ 50 ശതമാനം വർദ്ധനവ് ഉണ്ടായെന്നാണ്. വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ടിടിപി തട്ടികൊണ്ട് പോകലുകളും ബ്ലാക്ക് മെയിലിംഗും പതിവാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1990 കളില്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്ക്കെതിരെ താലിബാനൊപ്പം നിന്ന് പോരാടിയ പാകിസ്ഥാന്‍ ജിഹാദികളാണ് 2007 ല്‍ ടിടിപി സ്ഥാപിച്ചത്.

പിന്നീട്, പാകിസ്ഥാന്‍റെ വടക്കന്‍ പ്രദേശങ്ങളിലെ ഗോത്ര മേഖലകളില്‍ ഇവര്‍ ശക്തമായ സ്വാധീനം ഉറപ്പിച്ചു. 2014 ല്‍ സൈനികരുടെ മക്കള്‍ പഠിക്കുന്ന ഒരു സ്കൂള്‍ ഇവര്‍ ആക്രമിച്ചതിന് പിന്നാലെ സൈന്യം ടിടിപിക്കെതിരെ ശക്തമായ നടപടിക്ക് തുടക്കമിട്ടു. തുടര്‍ന്ന് ഇവര്‍ അഫ്ഗാനിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന താലിബാന്‍ ഭരണകൂടം ടിടിപിയെ പാകിസ്ഥാനില്‍ അക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണെന്ന് പാകിസ്ഥാനും ആരോപിക്കുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week