ന്യൂഡൽഹി : അറസ്റ്റുചെയ്യുന്ന സമയത്ത് പ്രതികൾക്ക് അറസ്റ്റിന്റെ കാരണങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖാമൂലം എഴുതി നൽകണമെന്ന ഉത്തരവിനെതിരെ ഇഡി നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
നീതിപൂർവ്വവും സുതാര്യവുമായ നടപടികളാണ് അന്വേഷണ ഏജൻസിയിൽനിന്ന് ഉണ്ടാകേണ്ടതെന്ന് വ്യക്തമാക്കിയാണ് അറസ്റ്റുചെയ്യുന്ന സമയത്ത് പ്രതികൾക്ക് അറസ്റ്റിന്റെ കാരണങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖാമൂലം എഴുതി നൽകണമെന്ന ഉത്തരവ് നേരത്തെ പുറത്തിറക്കിയിരുന്നത്.
പ്രതികാര മനോഭാവത്തോടെയുള്ള പ്രവർത്തനമല്ല ഇഡിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഇഡി നൽകിയ പുനഃപരിശോധന ഹർജിയാണ് ചേമ്പറിൽ പരിഗണിച്ച് സുപ്രീം കോടതി തള്ളിയത്.
ഇഡി അറസ്റ്റിനെതിരെ എം3എം റിയൽ എസ്റ്റേറ്റ് ഉടമകളായ പങ്കജ് ബൻസാലിയുടെയും ബസന്ത് ബൻസാലിയുടെയും ഹർജികളിലാണ് സുപ്രീം കോടതി നേരത്തെ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. കാരണങ്ങൾ എഴുതി നൽകാതെയാണ് അറസ്റ്റ് ചെയ്തതെന്ന് പ്രതികൾ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കാരണങ്ങൾ പ്രതികളെ വായിച്ച് കേൾപ്പിച്ചുവെന്നായിരുന്നു ഇഡിയുടെ വാദം. കാരണങ്ങൾ എഴുതി നൽകാത്ത നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ വിട്ടയക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.