‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി വോട്ടു ചോദിച്ച് പ്രസംഗിച്ചു നടന്നു’; ഇപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ലെന്ന് സലിം കുമാർ
തിരുവനന്തപുരം :”പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ പല തവണ മത്സരിക്കാൻ സീറ്റ് ലഭിച്ചിട്ടുള്ള പദ്മജ വേണുഗോപാൽ എന്നെ അവഗണിച്ചേ എന്ന് കരച്ചിലും ഒപ്പാരിയുമായി ബി.ജെ.പിയിൽ ചേരുന്നു. അതിനു മുമ്പ് കേന്ദ്രമന്ത്രി വരെയായി സുഖിച്ചു നടന്ന പ്രൊഫ.കെ.വി. തോമസും അവഗണിച്ചെന്ന പരാതിയുമായി ഇടത്തേക്ക് മാറി വീണ്ടും സ്റ്റേറ്റ് കാറും പദവിയും.
മരുന്നെവിടെ എന്നു ചോദിക്കുമ്പോൾ പൊതിച്ചോറിന്റെ കണക്ക് പറയുന്ന കോമഡി വേറെ. ഇതെല്ലാം കൂട്ടിക്കെട്ടി ഒരു പൊളിറ്റിക്കൽ കോമഡി സിനിമ ചെയ്താലോ എന്ന് ആലോചിച്ചതാണ് ഞാൻ….” ഇത് പറഞ്ഞ് ചിരിക്കുകയാണ് നടൻ സലിംകുമാർ. ” ലോകപരാജയങ്ങളായ ഇവരെയൊക്കെ കഥാപാത്രങ്ങളാക്കി സിനിമയെടുത്താൽ അത് എട്ടു നിലയിൽ പൊട്ടില്ലേ എന്നോർത്താണ് ചിരിച്ചത്. എന്തിനാണ് വയ്യാത്ത പണിക്ക് പോകുന്നത്”
#കോൺഗ്രസുകാരനല്ലേ പ്രചാരണത്തിനൊന്നും പോകുന്നില്ല?
-”എന്തിന്. ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കോൺഗ്രസിനു വേണ്ടി വോട്ടു ചോദിച്ച് പ്രസംഗിച്ചു നടന്നിരുന്നു.”
#കഴിഞ്ഞ തവണത്തെ നേട്ടം ഇത്തവണ യു.ഡി.എഫിനുണ്ടാകില്ലേ?
-”എന്തൊക്കെയോ അന്തർ നാടകങ്ങൾ നടക്കുന്നുണ്ട്. പദ്മജയുടെ ബി.ജെ.പിയിലേക്കുള്ള എൻട്രിയും രാജേന്ദ്രന്റെ അടുപ്പവും ഒക്കെ ചില പന്തികേടുകളുടെ സൂചന നൽകും പോലെ. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ എന്തൊക്കെയേ ഡീൽ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. അത് എന്താണെന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അത് വ്യക്തമാകുമെന്ന് കരുതാം”
#ഇത്തവണ ‘ഇന്ത്യ’ സഖ്യം അധികാരം പിടിക്കുമോ?
-”എവിടെ പിടിക്കാൻ. നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു കഴിഞ്ഞ കാര്യമാണ്. അഴിമതി ആരോപണങ്ങൾ ചിലതൊക്കെ അങ്ങിങ്ങ് കേൾക്കുന്നതല്ലാതെ ഒരു നേതാവിനെതിരേയും വ്യക്തമായ ആരോപണം ഉയർന്നിട്ടില്ല. പ്രധാന കാര്യം അതൊന്നുമല്ല, രാഹുൽ ഗാന്ധിയെ മോദിക്ക് ബദലായി ഉയർത്തിക്കാട്ടാൻ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല. ആകെ ഡി.എം.കെ മാത്രമാണ് രാഹുലിനെ ഉയർത്തിക്കാട്ടുന്നത്.