KeralaNews

കണ്ടെയിന്‍മെന്റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ; അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന ജോലിക്കെത്തുന്നവര്‍ക്ക് താല്‍ക്കാലിക പാസ്

തിരുവനന്തപുരം: ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ആര്‍ക്കുംതന്നെ കണ്ടെയിന്‍മെന്റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കണ്ടെയിന്‍മെന്റ് മേഖലകള്‍ ദിനംപ്രതി മാറുന്നതിനാല്‍ ദിവസവും രാവിലെ തന്നെ ആവശ്യമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് വരെ കര്‍ഫ്യു കര്‍ശനമായി നടപ്പാക്കും. വളരെ അത്യാവശ്യമുളള കാര്യങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങി മാത്രമേ ഈ സമയത്ത് യാത്ര അനുവദിക്കൂ. രാവിലെ അഞ്ചിനും രാത്രി ഒമ്പതിനുമിടയില്‍ സ്വകാര്യവാഹനങ്ങളില്‍ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. കാറുകളില്‍ മുന്‍സീറ്റില്‍ ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. പിന്‍സീറ്റിലും രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാവുന്നത്.

ബിസിനസ് ആവശ്യങ്ങള്‍ക്കായി ഏത് മാര്‍ഗ്ഗത്തിലൂടെയും കേരളത്തിലേക്ക് വരുന്നവര്‍ ഏഴ് ദിവസത്തിനകം മടങ്ങുകയാണെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള എല്ലാ സുരക്ഷാനിര്‍ദ്ദേശങ്ങളും അനുസരിച്ച് വേണം ഇവര്‍ കേരളത്തില്‍ കഴിയേണ്ടത്. വിവിധതരം യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവര്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ല.

പാലക്കാട്, വയനാട്, കാസര്‍ഗോഡ്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന വന്ന് ജോലി ചെയ്ത് മടങ്ങുന്നവര്‍ക്കായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് അനുവദിക്കും. 15 ദിവസത്തിനുശേഷം പാസ് വീണ്ടും പുതുക്കാവുന്നതാണ്.

65 വയസ്സിന് മുകളിലുളളവരും പത്ത് വയസ്സിന് താഴെയുളളവരും വീടുകളില്‍ തന്നെ കഴിയുന്നുവെന്ന് പോലീസ് വോളന്റിയര്‍മാരുടെ സഹായത്തോടെ ജനമൈത്രി പോലീസ് ഉറപ്പാക്കും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ ഇക്കൂട്ടര്‍ക്ക് പുറത്ത് പോകാന്‍ അനുവാദമുളളൂ. ഗുരുതരമായ രോഗങ്ങള്‍ ഉളള മറ്റുളളവരും വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. ഏത് മാര്‍ഗ്ഗത്തിലൂടെയും കേരളത്തില്‍ പ്രവേശിക്കുന്നവര്‍ ഇ-ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൃത്യമായ മെഡിക്കല്‍ സഹായം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.

ആരാധനാലയങ്ങളില്‍ പരമാവധി നാല് ജീവനക്കാര്‍ക്ക് കൂടി പ്രവേശനം അനുവദിച്ചു. ആരാധനാലയങ്ങള്‍ വൃത്തിയാക്കാനും പൂജകള്‍ക്കുമായി പുരോഹിതര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് നേരത്തെ പ്രവേശനം അനുവദിച്ചിരുന്നതിന് പുറമേയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker