കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ സാഹചര്യങ്ങള്‍ അതീവമോശമെന്നു ബാലക്ഷേമസമിതിയുടെ നിരീക്ഷണം. ആറു പെണ്‍കുട്ടികള്‍ ബാലികാമന്ദിരത്തില്‍നിന്നു പുറത്തു കടന്നതിനു പിന്നാലെയാണ് വെള്ളിമാടുകുന്നിലെ സുരക്ഷാ വീഴ്ചയെപ്പറ്റി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
17 വയസ് വരെയുള്ള പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന ഗേള്‍സ് ഹോമിനു വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ല. ചുറ്റുമതില്‍ പലേടത്തും തകര്‍ന്ന നിലയിലാണ്. അനായാസമായി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പുറത്തു കടക്കാനും അകത്തേക്കു കയറാനുമാകും. ആവശ്യത്തിനു സുരക്ഷാജീവനക്കാരോ അന്തേവാസികളെ പരിപാലിക്കാന്‍ വാര്‍ഡര്‍മാരോ ഇല്ല. ജെന്‍ഡര്‍ പാര്‍ക്ക് അടക്കമുള്ള പൊതുഇടങ്ങളുള്ള ഇവിടെ നിരീക്ഷണത്തിനായി ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്.
അകത്തു കയറുന്നവര്‍ എവിടേക്കു പോകുന്നെന്നു നിരീക്ഷിക്കാന്‍ മറ്റു സംവിധാനങ്ങളൊന്നുമില്ല. നേരത്തെയും സമാനരീതിയില്‍ കുട്ടികള്‍ ഒളിച്ചോടാന്‍ ശ്രമിച്ചിട്ടും അധികാരികള്‍ നിസംഗത പുലര്‍ത്തുകയാണ്. ഗുരുതര വീഴ്ചയാണ് ജീവനക്കാരില്‍ നിന്നുണ്ടായതെന്നാണ് ബാലക്ഷേമ സമിതിയുടെ നിരീക്ഷണം.