ഗ്രാമത്തില്‍ സ്ത്രീകളുടെ എണ്ണത്തില്‍ കുറവ്; നൂറ്റാണ്ടുകളായുള്ള വിലക്ക് പടിക്ക് പുറത്തിട്ടു! കാന്തല്ലൂരുകാരന്‍ കാന്തന് ഒടുവില്‍ ഏറ്റുമാനൂരില്‍ നിന്ന് പെണ്ണ്

മറയൂര്‍: അഞ്ചുനാട്ടിലെ കാന്തല്ലൂര്‍ ഗ്രാമത്തിലേക്ക് ഇനി പുറംനാട്ടില്‍നിന്ന് വധുക്കളെത്തും. പുറത്തുനിന്ന് വിവാഹം കഴിക്കാന്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന വിലക്ക് പടിക്ക് പുറത്തിട്ടതോടെയാണ് പുറംനാട്ടില്‍ നിന്നും യുവതികളെ വിവാഹം കഴിക്കാമെന്ന അനുമതി ലഭിച്ചത്. പുതിയ തീരുമാനം അനുസരിച്ച് പുതിയ പെണ്ണും കാന്തല്ലൂരിലേയ്ക്ക് വലതുകാല്‍ വെച്ച് കയറി. ഏറ്റുമാനൂരില്‍ നിന്നാണ് ആദ്യ പെണ്ണ് എത്തിയത്.

ഗ്രാമക്കാര്‍ മുഴുവനും കല്യാണത്തില്‍ പങ്കെടുത്തു. 100 രൂപ ഗ്രാമ കമ്മിറ്റിക്ക് വരിപ്പണമായി നല്‍കുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായാണ് ഈ വിവാഹം. ആദ്യം പുറത്തുനിന്ന് വിവാഹം കഴിക്കുന്നവര്‍ക്ക് ഗ്രാമം വിലക്ക് കല്പിച്ചിരുന്നു. അതേസമയം, അഞ്ചുനാട്ടിലെ മറ്റു നാല് ഗ്രാമങ്ങളിലും ഈ വിലക്ക് നിലനില്‍ക്കുന്നുണ്ട്.

കാന്തല്ലൂര്‍ കൂടാതെ മറയൂര്‍, കാരയൂര്‍, കീഴാന്തൂര്‍, തമിഴ്നാട് അതിര്‍ത്തിയിലെ കൊട്ടക്കുടി എന്നിവയാണ് അഞ്ചുനാടന്‍ ഗ്രാമങ്ങള്‍. ഇവര്‍ നൂറ്റാണ്ടുകളായി ഈ അഞ്ച് ഗ്രാമങ്ങളില്‍നിന്ന് മാത്രമേ വിവാഹം കഴിച്ചിരുന്നൊള്ളൂ. മുറ നോക്കിയാണ് (സഹോദരസ്ഥാനം വരില്ല എന്നുറപ്പുവരുത്തി) വിവാഹം നടത്തുന്നത്. പുറത്തുനിന്ന് വിവാഹം കഴിച്ചാല്‍ അവര്‍ക്ക് വിലക്കേര്‍പ്പെടുത്തും. ഗ്രാമത്തിനുള്ളില്‍ താമസിക്കാനും അനുമതി നല്‍കില്ല.

ഇപ്പോള്‍ ഗ്രാമങ്ങളില്‍ അഞ്ച് പുരുഷന്‍മാര്‍ക്ക് രണ്ട് സ്ത്രീകളെന്ന നിലയിലാണ് അനുപാതം. ഇതില്‍ത്തന്നെ പലരും സഹോദരങ്ങളായി എത്തി, ഇതോടെ പുരുഷന്മാര്‍ക്ക് പെണ്ണിനെ തന്നെ കിട്ടാതെയായി. അഞ്ചുവര്‍ഷം മുന്‍പ് കാന്തല്ലൂരിലെ യുവാക്കള്‍ പുറംനാട്ടില്‍നിന്ന് വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. എന്നാല്‍, നൂറ്റാണ്ടുകളായുള്ള ആചാരമായതിനാല്‍ അന്ന് തീരുമാനമുണ്ടായില്ല. പിന്നീട്, ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് ആവശ്യം ന്യായമാണെന്ന് കണ്ടതോടെ ഗ്രാമ കമ്മിറ്റി ഐകകണ്ഠ്യേന സമ്മതം നല്‍കുകയായിരുന്നു. ഇതോടെയാണ് പുതിയ ചരിത്രം ഗ്രാമത്തില്‍ പിറന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News