ചെന്നിത്തലയെ ഡൽഹിയ്ക്ക് തട്ടുന്നു, വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായേക്കും,മുല്ലപ്പള്ളിയ്ക്കും സ്ഥാനചലനത്തിന് സാധ്യത
ന്യൂഡൽഹി:നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാൻ സാധ്യത. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ കൊണ്ടു വരാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്.
സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായോ കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം നൽകിയോ ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടു വരാനാണ് പാർട്ടി തലപ്പത്തെ ആലോചന.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായും എംപിയായും ദില്ലി കേന്ദ്രീകരിച്ചു പ്രവർത്തന പരിചയം ചെന്നിത്തലയ്ക്കുണ്ട്. ഹിന്ദിയിൽ നല്ല പ്രാവീണ്യമുള്ള ചെന്നിത്തലയ്ക്ക് ദേശീയ നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും കോൺഗ്രസിനുമുണ്ടായ പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ പാർട്ടി തലപ്പത്ത് മാറ്റം വരുത്താൻ ദേശീയ നേതൃത്വം ആലോചിക്കുന്നത്. ചെന്നിത്തല മാറിയാൽ സ്വാഭാവികമായും കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മുല്ലപ്പള്ളിയും മാറേണ്ടി വരും.
ചെന്നിത്തലയ്ക്ക് പകരം വിഡി സതീശൻ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരൻ്റെ പേരിനാണ് മുൻതൂക്കം. കെ.മുരളീധരനും ഈ പദവിയിലേക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പിടി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേരുകളും പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നു കേട്ടിരുന്നു
എന്നാൽ ഇങ്ങനെയൊരു ആലോചന നിലവിൽ ഇല്ലെന്നാണ് ചെന്നിത്തല ക്യാംപ് വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ചെന്നിത്തല തുടരണമെന്നാണ് ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ആഗ്രഹിക്കുന്നതെന്നും ഐ ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കേരള നേതാക്കളുടെ അഭിപ്രായം എത്രത്തോളം ഹൈക്കമാൻഡ് പരിഗണിക്കും എന്നറിയില്ല. അതേസമയം നേതൃമാറ്റം സംബന്ധിച്ച് ആലോചനകൾ സജീവമാണെന്ന് കേന്ദ്രനേതൃത്വത്തിലെ ചില നേതാക്കൾ രഹസ്യമായി സമ്മതിച്ചിട്ടുണ്ട്.
അഞ്ച്സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടി വലിയ പാഠമായി കാണണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞിരുന്നു. തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് കാര്യമില്ലെന്നും അവർ യോഗത്തിൽ തുറന്നടിച്ചിരുന്നു.
പ്രതിപക്ഷനേതാവ് എന്ന നിലയിൽ ചെന്നിത്തല ഭേദപ്പെട്ട പ്രകടനം നടത്തിയെന്ന് പാർട്ടിയിൽ പൊതുവിൽ വിലയിരുത്തലുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം കേരളത്തിൻ്റെ ചുമതലുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ നൽകിയ റിപ്പോർട്ടിൽ വേറെയും ചില കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
കേരളത്തിൽ ഗ്രൂപ്പ് രാഷ്ട്രീയം ശക്തമാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിക്ക് എ-ഐ ഗ്രൂപ്പുകളുടെ പിന്തുണ കിട്ടിയില്ലെന്നും നേതാക്കൾ തമ്മിലുണ്ടായ ഭിന്നത തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും താരീഖ് അൻവറിൻ്റെ റിപ്പോർട്ടിൽ പറയുന്നതായാണ് സൂചന. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ഭിന്നിച്ചു നിൽക്കുന്ന നേതാക്കളെ ഏകീകരിക്കാനുള്ള നീക്കം ചെന്നിത്തലയിൽ നിന്നുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്