26.3 C
Kottayam
Saturday, April 20, 2024

ഹൈക്കമാൻഡ് അപമാനിക്കപ്പെട്ടു,ഗെലോട്ടിനെ അധ്യക്ഷനാക്കുന്നതിനെതിരെ കോൺഗ്രസിൽ പടയൊരുക്കം

Must read

ജയ്‍പൂര്‍: രാജസ്ഥാനിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. എംഎൽഎ മാരുടെ രാജി നീക്കം ഗെലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിയമസഭാ കക്ഷി യോഗം വിളിച്ചത് ഗെലോട്ടിനെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയാകുമെന്ന് സച്ചിൻ പൈലറ്റ്  എംഎൽഎ മാർക്ക് സൂചന നൽകിയിരുന്നുവെന്നും ഇതാണ് ഗെലോട്ട് പക്ഷത്തിന്റെ കടുത്ത നിലപാടിന് കാരണം എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അധ്യക്ഷ  തെരഞ്ഞെടുപ്പിന് ശേഷം മതി മുഖ്യമന്ത്രി ചർച്ചയെന്ന ആവശ്യവും അംഗീകരിച്ചില്ല. ഇതോടെയാണ് രാജി നീക്കവുമായി എംഎൽഎമാർ രംഗത്തുവന്നത്. 92 എംഎൽഎമാരും കഴിഞ്ഞ രാത്രി സ്പീക്കർക്ക് രാജിക്കത്ത് നൽകിയിരുന്നു. അതേസമയം, ഗെലോട്ടിനെ അധ്യക്ഷനാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. രാജസ്ഥാനിൽ കാര്യങ്ങൾ വഷളാക്കിയ ഗെലോട്ടിനെ പരിഗണിക്കരുതെന്നാണ് നേതാക്കളുടെ ആവശ്യം. ഹൈക്കമാൻഡ് അപമാനിക്കപ്പെട്ടെന്നും നേതാക്കൾ ആരോപിച്ചു.

രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക നിയമസഭാകക്ഷി യോഗം ഇന്നലെ റദ്ദാക്കിയിരുന്നു. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ വിളിപ്പിക്കുകയും ചെയ്തു. അശോക് ഗെലോട്ടിനേയും, സച്ചിൻ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. യോഗം റദ്ദാക്കിയതിന് പിന്നാലെ അശോക് ഗെലോട്ടുമായി കെ സി വേണുഗോപാല്‍ സംസാരിച്ചു. കാര്യങ്ങൾ തൻ്റെ നിയന്ത്രണത്തിലല്ലെന്നാണ് അശോക് ഗെലോട്ട് കെ സി വേണുഗോപാലിനോട് പറഞ്ഞത്. അതേസമയം എംഎല്‍എമാരോട് സംസാരിക്കാന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരുമാനം ഹൈക്കമാന്‍ഡിന് വിടാനുള്ള പ്രമേയം പാസാക്കാനും നിര്‍ദ്ദേശം നല്‍കി.

അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഗാന്ധി കുടുംബത്തിന്‍റെ ശ്രമം. ഗെലോട്ട് പക്ഷത്തുള്ള ചില എംഎല്‍എമാര്‍ സച്ചിനെ പിന്തുണക്കുമെന്ന സൂചന കിട്ടിയതോടെയാണ് നിയമസഭ കക്ഷിയോഗം വിളിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. എന്നാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

92 എംഎല്‍എമാരുടെ പിന്തുണ അശോക് ഗെലോട്ട് പക്ഷം അവകാശപ്പെട്ടു. മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം വ്യക്തമാക്കി. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയെന്ന ഭീഷണിയും എംഎല്‍എമാര്‍ മുഴക്കുകയായിരുന്നു. പിന്നാലെ യോഗം ആരംഭിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ ഹൈക്കമാന്‍ഡ് തീരുമാനപ്രകാരം യോഗം റദ്ദാക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week