26.3 C
Kottayam
Saturday, April 20, 2024

IPL 2023: നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബി മുന്നില്‍, പഞ്ചാബിനെതിരേ റോയല്‍സ് എത്ര മാര്‍ജിനില്‍ ജയിക്കണം?

Must read

ഐപിഎല്ലില്‍ സഞ്ജു സാംസണിനും രാജസ്ഥാന്‍ റോയല്‍സിനും ഇന്നു വിധിദിനമാണ്. ടൂര്‍ണമെന്റിലെ പ്ലേഓഫ് ബെര്‍ത്തിനായി ഞായറാഴ്ച വരെ കാത്തിരിക്കണോ, അതോ ഇന്നു തന്നെ നാട്ടിലേക്കു ബാഗ് പായ്ക്ക് ചെയ്യണമോയെന്നു രാത്രിയോടെ ഉത്തരം ലഭിക്കും. ധര്‍മശാലയില്‍ നടക്കുന്ന പോരാട്ടത്തില്‍ ശിഖര്‍ ധവാന്റെ പഞ്ചാബ് കിങ്‌സാണ് റോയല്‍സിന്റെ എതിരാളികള്‍. നേരത്തേ നടന്ന ആദ്യപാദത്തില്‍ റോയല്‍സിനെ പഞ്ചാബ് വീഴ്തത്തിയിരുന്നു. അതുകൊണ്ടു തന്നെ അവരെ തീര്‍ച്ചയായും ഭയക്കേണ്ടതുണ്ട്.

രാജസ്ഥാന്‍ റോയല്‍സിനു മാത്രമല്ല പഞ്ചാബ് കിങ്‌സിനും ഈ മല്‍സരം അത്ര തന്നെ പ്രധാനപ്പെട്ടതാണ്. തോല്‍ക്കുന്ന ടീമിന്റെ പ്ലേഓഫ് പ്രതീക്ഷള്‍ അസ്തമിക്കും. ജയിക്കുന്നവര്‍ക്കാവട്ടെ ഞായറാഴ്ച ലീഗ് ഘട്ടത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാവുന്നതു വരെ കാത്തിരിക്കുകയും വേണം. ചില മല്‍സര ഫലങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും റോയല്‍സ്- പഞ്ചാബ് മല്‍സരത്തിലെ വിജയികളുടെ പ്ലേഓഫ് പ്രവേശനം.

പോയിന്റ് പട്ടികയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനും മുംബൈ ഇന്ത്യന്‍സിനും 14 പോയിന്റ് വീതവും രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്്‌സ് ടീമുകള്‍ക്കു 12 പോയിന്റ് വീതവുമാണുള്ളത്. നിലവില്‍ റോയല്‍സിനേക്കാള്‍ പ്ലേഓഫ് സാധ്യത കൂടുതലുള്ളത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനാണ്. അവരുടെ മികച്ച നെറ്റ് റണ്‍റേറ്റാണ് ഇതിനു കാരണം. ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് +0.180ഉം റോയല്‍സിന്റേത് +0.140ഉം ആണ്.

രാജസ്ഥാനെതിരേ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന മല്‍സരത്തിലെ വമ്പന്‍ ജയമാണ് ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തിയത്. അതുകൊണ്ടു തന്നെ പഞ്ചാബിനെതിരേ വെറുമൊരു ജയം മാത്രമല്ല റോയല്‍സിനു വേണ്ടത്. നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിയെ പിന്തള്ളുകയും വേണം. എങ്കില്‍ മാത്രമേ പ്ലേഓഫിനെക്കുറിച്ച് റോയല്‍സ് ആലോചിക്കേണ്ടതുള്ളൂ.

പഞ്ചാബ് കിങ്‌സിനെതിരേ മികച്ച മാര്‍ജിനിലുള്ള വിജയമാണ് സഞ്ജു സാംസണിനും സംഘത്തിനും വേണ്ടത്. നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിയെ പിന്നിലാക്കണമെങ്കില്‍ കുറഞ്ഞത് 11 അല്ലെങ്കില്‍ അതിനു മുകളില്‍ മാര്‍ജിനില്‍ രാജസ്ഥാന്‍ റോയല്‍സ് വിജയിക്കണം. ഇനി റണ്‍ചേസാണ് നടത്തുന്നതെങ്കില്‍ 18.5 ഓവറില്‍ തന്നെ വിജയം പൂര്‍ത്തിയാക്കണം. ഈ രണ്ടു കാര്യങ്ങളിലൊന്ന് സംഭവിച്ചാല്‍ റോയല്‍സിനു ആര്‍സിബിയെ മറികടക്കാം.

അതിനു ശേഷം രണ്ടു കാര്യങ്ങള്‍ കൂടി അനുകൂലമായി വന്നാല്‍ റോയല്‍സ് പ്ലേഓഫിലേക്കു ടിക്കറ്റെടുക്കും. ആദ്യത്തേത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു മുംബൈ ഇന്ത്യന്‍സ് തോല്‍ക്കുകയെന്നതാണ്. രണ്ടാമത്തേത് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തോല്‍ക്കുകയെന്നതാണ്. ഇവ സംഭവിച്ചാല്‍ റോയല്‍സിനു പ്ലേഓഫില്‍ സ്ഥാനമുറപ്പാണ്.

കഴിഞ്ഞ തവണത്തെ റണ്ണറപ്പുകള്‍ കൂടിയായ റോയല്‍സ് ഇത്തവണ മികച്ച തുടക്കത്തിനു ശേഷമാണ് ഇപ്പോള്‍ പുറത്താവലിന്റെ വക്കിലെത്തി നില്‍ക്കുന്നത്. തുടക്കത്തിലെ കുറച്ച് ആഴ്ചകള്‍ പോയിന്റ് പട്ടികയിലെ തലപ്പത്ത് റോയല്‍സായിരുന്നു. ഇതോടെ അവര്‍ വളരെ അനായാസം, ഏറ്റവുമാദ്യം പ്ലേഓഫിലേക്കു ടിക്കറ്റെടുക്കുമെന്നു എല്ലാവരുമുറപ്പിച്ചു. പക്ഷെ എല്ലാം തകിടം മറിയുന്നതാണ് പിന്നീട് കണ്ടത്.

ആദ്യത്തെ ആറു മല്‍സരങ്ങളില്‍ നാലിലും ജയിക്കാന്‍ റോയല്‍സിനായിരുന്നു. പക്ഷെ അടുത്ത ഏഴു മല്‍സരങ്ങളില്‍ അഞ്ചിലും തോറ്റതോടെ റോയല്‍സിന്റെ നിലനില്‍പ്പ് അവതാളത്തിലാവുകയായിരുന്നു. ജയിക്കാവുന്ന ചില മല്‍സരങ്ങള്‍ പോലും കൈവിട്ടത് റോയല്‍സിനു വലിയ ക്ഷീണമായി തീര്‍ന്നു.

പഞ്ചാബ് കിങ്‌സ് (അഞ്ചു റണ്‍സ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (10 റണ്‍സ്), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഏഴു റണ്‍സ്, 112 റണ്‍സ്), മുംബൈ ഇന്ത്യന്‍സ് (ആറു വിക്കറ്റ്), ഗുജറാത്ത് ടൈറ്റന്‍സ് (ഒമ്പതു വിക്കറ്റ്), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (നാലു വിക്കറ്റ്) എന്നിവരോടാണ് റോയല്‍സ് ഇത്തവണ പരാജയം രുചിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week