പെരിയോര്‍ വിവാദത്തില്‍ പ്രതിഷേധം വ്യാപിക്കുന്നു; രജനികാന്തിന്റെ വീടിന് സുരക്ഷ ശക്തമാക്കി
ചെന്നൈ: ദളിത് ചിന്തകന്‍ പെരിയോര്‍ ഇ.വി. രാമസ്വാമിക്കെതിരേ നടന്‍ രജനികാന്ത് നടത്തിയ വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. രജനികാന്തിന്റെ ചെന്നൈയിലെ വസതിക്കു മുന്നില്‍ പോലീസ് സുരക്ഷ ശക്തമാക്കി. വിവിധ തമിഴ് സംഘടനകള്‍ വസതിയിലേക്ക് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് പോലീസ് നടപടി.
1971ല്‍ പെരിയോര്‍ രാമസ്വാമിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നടത്തിയ റാലിക്കെതിരേ താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രജനികാന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പശ്ചാത്തപിക്കാനോ മാപ്പുപറയാനോ തന്നെ കിട്ടില്ലെന്നും ചെന്നൈ പയസ് ഗാര്‍ഡനിലെ വസതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് രജനി പറഞ്ഞു.
പെരിയോറിന്റെ നേതൃത്വത്തില്‍ സേലത്തു നടന്ന റാലിക്കിടെ ശ്രീരാമന്റെയും സീതയുടെയും നഗ്‌ന ബിംബങ്ങള്‍ ചെരിപ്പുമാലയിട്ടു പ്രദര്‍ശിപ്പിച്ചു. ഞാന്‍ പറഞ്ഞത് എന്തോ അപരാധമായെന്നും മാപ്പുപറയണമെന്നാണ് ചിലരുടെ ആവശ്യം. നടക്കാത്ത സംഭവത്തെക്കുറിച്ചല്ല, തെളിവുകളോടെയാണു സംസാരിക്കുന്നതെന്നും രജനി വ്യക്തമാക്കി.