ന്യൂഡൽഹി:ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോൽക്കാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്‌റ്റേഡിയത്തിലെ മോദിയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി രൂക്ഷമായ ഭാഷയിലായിരുന്നു രാഹുലിന്റെ പ്രതികരണം.
രാജസ്ഥാനിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് രാഹുലിന്റെ പരാമർശം. “ദുശ്ശകുനം… ദുശ്ശകുനം… ദുശ്ശകുനം… നമ്മുടെ കുട്ടികൾ ലോകകപ്പ് നേടാനുള്ള പാതയിലായിരുന്നു, പക്ഷേ ദുശ്ശകുനം അവരെ തോൽപ്പിച്ചു… അത് ഈ രാജ്യത്തെ ജനങ്ങൾക്കറിയാം” രാഹുൽ സ്‌റ്റേഡിയത്തിലെ മോദിയുടെ സാന്നിധ്യത്തെ പരാമർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെയാണ് വീഡിയോ പങ്കുവച്ചത്. “മോദി ടിവിയിൽ വന്ന് ‘ഹിന്ദു-മുസ്ലിം’ എന്ന് പറയുകയും ചിലപ്പോൾ ക്രിക്കറ്റ് മത്സരത്തിന് പോകുകയും ചെയ്യുന്നു. എന്നാൽ മത്സരം തോറ്റത് വേറെ കാര്യമാണ്, ദുശ്ശകുനം” രാഹുൽ പറഞ്ഞു.
ലോകകപ്പ് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിൽ എത്തിയിരുന്നു. ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ഡ്രസിംഗ് റൂമിലെത്തി നരേന്ദ്ര മോദി ടീമംഗങ്ങളെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
നരേന്ദ്ര മോദി ഇന്ത്യൻ ഡ്രസിംഗ് റൂമിലെത്തിയതിനെ കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. ഇത് കൊറിയോഗ്രാഫി ചെയ്‌ത ആശ്വസിപ്പിക്കലാണെന്ന് ജയറാം രമേശ് ആരോപിച്ചു. വീഡിയോ സ്വയം ഉണ്ടാക്കിയതാണെന്നും, നാടകം തുറന്നുകാട്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ വിമർശനം.