Home-bannerNationalNews

ഭൂരിപക്ഷ വാദത്തിന് വഴങ്ങുന്നു, സുപ്രീം കോടതിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് കാരാട്ട്

 

 

തിരുവനന്തപുരം: അയോധ്യാ , ശബരിമല വിഷയങ്ങളിലെ വിധികൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.എം. പി.ബി അംഗം പ്രകാശ് കാരാട്ട്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം

ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ് നവംബർ 17നു വിരമിച്ചു. ജസ്റ്റിസ് എസ് എ ബോബ്ഡെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനുള്ള ഉചിതമായ അവസരമാണ്‌ ഇത്. പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ ഭരണഘടനയ്‌ക്ക് അനുസൃതമാണോ എന്ന് പരിശോധിച്ച് പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് സുപ്രീംകോടതി.

ദൗർഭാഗ്യകരമെന്ന് പറയട്ടെ, കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവൽക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുകയാണ്. സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകർക്കാൻ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉൽക്കണ്‌ഠയ്‌ക്ക് വിഷയമാകുകയും ചെയ്യുന്നു.

ജസ്റ്റിസ് ഗൊഗോയ്‌ ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്താണ് പൗരന്മാരുടെ മൗലികാവകാശത്തെ ഉയർത്തിപ്പിടിക്കുന്നതിനു പകരം സുപ്രീംകോടതി വിശ്വാസത്തിന്റെയും മറ്റും കാര്യങ്ങളിൽ ഭൂരിപക്ഷവാദത്തിന് സന്ധിചെയ്‌തുകൊണ്ട് എക്‌സിക്യൂട്ടീവിന് കൂടുതലായും വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയുണ്ടായത്.

കഴിഞ്ഞ ഒരു വർഷത്തിനിടയ്‌ക്ക് പുറപ്പെടുവിച്ച വിധിന്യായങ്ങൾ ഈ വസ്‌തുതയ്‌ക്ക് അടിവരയിടുന്നു. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തിനും ആർജവത്തിനും കടകവിരുദ്ധമാണിത്. പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിലാണ് ആദ്യ പരാജയം സംഭവിച്ചത്. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കാവുന്നത് സുപ്രീംകോടതിക്കാണ്. എന്നാൽ, അടുത്തകാലത്ത് ജമ്മു കശ്‌മീരിലെ പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇടപെടുന്നതിൽ കോടതി പരാജയപ്പെട്ടു. ഭരണഘടനയിലെ 370 –-ാം വകുപ്പ് റദ്ദാക്കി ആഗസ്‌ത്‌ അഞ്ചുമുതൽ സംസ്ഥാനത്തെ വരിഞ്ഞുമുറുക്കിയപ്പോൾ പൗരന്മാർക്കുമേൽ എർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്‌ത്‌ നിരവധി അപേക്ഷകളാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത്. രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും തടവിലിട്ടതിനെ ചോദ്യം ചെയ്‌തുകൊണ്ടുള്ള അപേക്ഷകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

ഈ അപേക്ഷകൾ സുപ്രീംകോടതി കൈകാര്യം ചെയ്‌ത രീതി ആരെയും ഞെട്ടിക്കുന്നതാണ്. മുഹമ്മദ് യൂസഫ് തരിഗാമിക്ക്‌വേണ്ടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയാകട്ടെ, അതല്ലെങ്കിൽ പത്രസ്വാതന്ത്ര്യത്തിന് ഏർപ്പെടുത്തിയ നിയന്ത്രണത്തെക്കുറിച്ചായാലും പൗരന്മാരുടെ സ്വതന്ത്ര സഞ്ചാരത്തെക്കുറിച്ചായാലും ഭരണഘടനയിലെ 19(1) വകുപ്പനുസരിച്ച് പൗരന്മാരുടെ മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. മേൽപ്പറഞ്ഞ കാര്യത്തെക്കുറിച്ചുള്ള എല്ലാ അപേക്ഷയും പരിഗണിക്കുന്നതിന്‌ മൂന്നംഗ ബെഞ്ചും ഭരണഘടനയിലെ 370, 35 എ വകുപ്പുകൾ റദ്ദാക്കിയതിനെക്കുറിച്ചുള്ള ഹർജികൾ പരിഗണിക്കാനായി അഞ്ചംഗ ഭരണഘടനാ ബെഞ്ചും രൂപീകരിക്കുകയുണ്ടായി. രണ്ടു മാസം കഴിഞ്ഞിട്ടും സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഒരപേക്ഷയിലും വിധി പറഞ്ഞിട്ടില്ല. കുട്ടികളെ തടവിലിട്ടതുപോലുള്ള ഗൗരവതരമായ ഹർജികളിൽ പോലും വാദംകേൾക്കൽ മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത പരിഗണന ഡിസംബർ മൂന്നിനാണ്.

കോടതി വിധിന്യായം നൽകുന്നത് താമസിപ്പിക്കുന്നത് ജുഡീഷ്യൽ ഒഴിഞ്ഞുമാറലിനു തുല്യമാണ്. തെറ്റായ നയങ്ങളിൽനിന്നു രക്ഷപ്പെടാൻ ഇത് ഗവൺമെന്റിന് അഥവാ എക്‌സിക്യൂട്ടീവിന് വഴിയൊരുക്കും. ജുഡീഷ്യൽ ഒഴിഞ്ഞുമാറലിനുള്ള മറ്റൊരു ഉദാഹരണമാണ് ഇലക്ടറൽ ബോണ്ടുകൾക്കെതിരായ കേസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ കേസ് കേൾക്കുകയുണ്ടായി. കേന്ദ്ര ഭരണകക്ഷിയാണ് പേര് വെളിപ്പെടുത്താത്തവരിൽനിന്നും പണം സ്വരൂപിക്കാൻ ഇലക്ടറൽ ബോണ്ടുകൾ ഉപയോഗപ്പെടുത്തിയത്. എന്നാൽ, വാദം കേട്ടതിനുശേഷം രാഷ്ട്രീയ പാർടികളിൽനിന്നും കോടതി ആവശ്യപ്പെട്ട ഫണ്ടിന്റെ വിശദാംശം ഒരു സീൽ ചെയ്‌ത കവറിൽ തെരഞ്ഞെടുപ്പു കമീഷന് മെയ് 30നു മുമ്പ് കൈമാറുകയാണ് ചെയ്‌തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമാണ്‌ ഇതെന്നർഥം. 6000 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് ഇതുവരെ നൽകിയിട്ടുള്ളത്‌.

ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രമല്ല, രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാൻ ഹിന്ദുത്വശക്തികൾക്ക് അത് കരുത്തുനൽകുകയും ചെയ്യും

എക്‌സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും വരുംദിവസങ്ങളിൽ ജുഡീഷ്യറിക്ക് ദോഷകരമാകുമെന്ന് ഉറപ്പ്. അയോധ്യയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങൾക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്. വിധിന്യായത്തിന്റെ ആകത്തുക വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങൾക്കും പ്രാമുഖ്യം നൽകുന്നതാണ്. ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രമല്ല, രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാൻ ഹിന്ദുത്വശക്തികൾക്ക് അത് കരുത്തുനൽകുകയും ചെയ്യും.

ഇത്തരത്തിലുള്ള ചാഞ്ചാട്ടം ശബരിമല വിധിയിലുള്ള പുനഃപരിശോധനാ ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കൈാര്യംചെയ്‌ത രീതിയിലും കാണാവുന്നതാണ്. പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിനുള്ള സാധാരണ നടപടിക്രമത്തിനു വിരുദ്ധമായി ഭൂരിപക്ഷ വിധിന്യായം, കോടതിയുടെ മറ്റ് ബെഞ്ചുകൾ പരിഗണിച്ചുവരുന്ന പൊതുവിഷയങ്ങൾ വിപുലമായ ഒരു ഏഴംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. പുനഃപരിശോധനാ ഹർജികൾ തീർപ്പുകൽപ്പിക്കാതെ വയ്‌ക്കുകയും ചെയ്‌തു. യഥാർഥത്തിൽ ബെഞ്ച് ചെയ്യേണ്ടത് പുതിയതും പ്രധാനവുമായ തെളിവ് ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കലാണ്. അതല്ലെങ്കിൽ റെക്കോഡുകളിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിലും പുനഃപരിശോധന അനുവദിക്കാം. അതു ചെയ്യുന്നതിനു പകരം ഭൂരിപക്ഷ ബെഞ്ചിലെ മൂന്ന് ജഡ്‌ജിമാർ വളഞ്ഞ വഴിയിലൂടെ ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രപരമായ വിധിന്യായത്തെ പുനർവായനയ്‌ക്ക്‌ വിധേയമാക്കുകയാണ്. ഇവിടെയും അസാധാരണമായ ഈ രീതിക്കുള്ള പ്രചോദനം സ്ത്രീകളുടെ അവകാശത്തേക്കാൾ വിശ്വാസത്തിന് പ്രാമുഖ്യം നൽകുന്നതിനായിരുന്നു.

സുപ്രീംകോടതിയുടെ ഈ വീഴ്‌ചയ്‌ക്കു കാരണം ഒരു ചീഫ് ജസ്റ്റിസിന്റെയോ ഏതാനും ജഡ്‌ജിമാരുടെയോ വ്യതിചലനം മാത്രമല്ല, ഗവൺമെന്റിന്റെ ബോധപൂർവമായ ശ്രമത്തിന്റെ ഉൽപ്പന്നമാണിത്. കഴിഞ്ഞ ആറു വർഷത്തിനിടയ്‌ക്ക് മോഡി സർക്കാർ ജഡ്‌ജിമാരുടെ നിയമനക്കാര്യത്തിലും വിവിധ ഹൈക്കോടതികളിലേക്ക്‌ ചീഫ് ജസ്റ്റിസായി പ്രൊമോഷൻ നൽകുന്ന കാര്യത്തിലും ഇടപെട്ടുവരികയാണ്. ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അഖിൽ ഖുറേഷിയുടേത്. മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി നിയമിതനാകുന്നതിൽനിന്നും തടയപ്പെട്ട ഖുറേഷിയെ ത്രിപുര ഹൈക്കോടതിയിലേക്ക് അയച്ചിരിക്കുകയാണ്. രാഷ്ട്രത്തിലെ എല്ലാ സ്ഥാപനങ്ങളിലും ഹിന്ദുത്വ പ്രത്യയശാസ്ത്രം നുഴഞ്ഞുകയറ്റം നടത്തുകയാണ്. ദുഃഖകരമെന്ന് പറയട്ടെ സുപ്രീംകോടതിയും ഇതിൽനിന്നും അന്യമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker