KeralaNews

പ്രശസ്ത ഗായിക പി സുശീലയെ ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: പ്രശസ്ത ഗായിക പി.സുശീല ആശുപത്രിയിൽ ചികിത്സയിൽ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ്‌ സുശീലയെ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടിയതായാണ് സൂചന. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 88 വയസുള്ള സുശീല മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.

ഒരു കാലഘട്ടത്തില്‍ മലയാളികള്‍ റേഡിയോയിലൂടെ കാതോര്‍ത്ത ശബ്ദമായിരുന്നു സുശീലാമ്മയുടേത്. മലയാളിയല്ലാതിരുന്നിട്ടും സുശീല പാടുന്ന പാട്ടുകള്‍ കേള്‍ക്കാന്‍ ഒരു കാലഘട്ടം മുഴുവന്‍ കാത്തിരുന്നു. സുശീലയെന്നാല്‍ മലയാള ചലച്ചിത്ര ഗാനശാഖയുടെ സുവര്‍ണ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ ശബ്ദ സാന്നിദ്ധ്യങ്ങളില്‍ ഒന്നാണ്.

1935ല്‍ ആന്ധ്രാപ്രദേശത്തിലെ വിജയനഗരത്തില്‍, മുകുന്ദറാവുവിന്റെയും ശേഷാവതാരത്തിന്റെയും മകളായി സുശീല ജനിച്ചു. ചെറിയ പ്രായത്തില്‍ തന്നെ സംഗീതത്തിനോടു വളരെ താത്പ്പര്യം കാണിച്ചിരുന്നു. സ്‌കൂളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ സുശീല പിന്നീട് വിജയനഗരത്തിലെ സംഗീത കോളേജില്‍ ചേര്‍ന്ന് ഫസ്റ്റ് ക്ലാസോടെ ഡിപ്ലോമ എടുത്തു.

പി ലീല, ജിക്കി, എം എസ് രാജേശ്വരി, ജമുനാറാണി, എം എല്‍ വസന്തകുമാരി, ടി വി രത്തിനം, രാധാജയലക്ഷ്മി തുടങ്ങിയ ഗായകര്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്താണ് സുശീല പാടിത്തുടങ്ങിയത്. 1951ല്‍ പെറ്റതായ് എന്ന സിനിമയില്‍ എ.എം രാജയോടൊപ്പം ‘എതര്‍ക്കു അഴുതായ്’ എന്ന പാട്ട് പാടി. ആദ്യം തമിഴ് നന്നായി വഴങ്ങിയില്ലെങ്കിലും പിന്നീട് ഭാഷ പഠിച്ചെടുത്തു.

ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയയായ ഗായികയായി സുശീല മാറി. പിന്നീട് കെ.വി മഹാദേവന്‍, എം.എസ് വിശ്വനാഥന്‍, സലൂറി രാജേശ്വരറാവു തുടങ്ങിയ സംഗീത സംവിധായകരുടെ സിനിമകളില്‍ സുശീല പാടി. 1960ല്‍ പുറത്തിറങ്ങിയ സീത എന്ന ചിത്രത്തിലൂടെയാണ് സുശീല മലയാളത്തില്‍ ആദ്യമായി ഒരു ഗാനം ആലപിക്കുന്നത്. അഭയദേവ് എഴുതിയ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ദക്ഷിണാമൂര്‍ത്തിയാണ്. മലയാളികള്‍ നെഞ്ചേറ്റിയ ഏറ്റവും മനോഹരമായ താരാട്ടു പാട്ടുകളിലൊന്നായ ‘പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ…’ എന്ന ഗാനം ഈ ചിത്രത്തില്‍ നിന്നായിരുന്നു.

ദക്ഷിണാമൂര്‍ത്തിയാണ് സുശീലയെ മലയാളത്തിലേയ്ക്ക് ക്ഷണിച്ചത്. മലയാളത്തിലെത്തിയപ്പോള്‍ ഉച്ഛാരണമായിരുന്നു സുശീലയ്ക്ക് വെല്ലുവിളിയായത്. മലയാളത്തിലെ തന്റെ ആദ്യ ഗാനം പാടാന്‍ കഴിയില്ലെന്ന് സുശീല ദക്ഷിണാമൂര്‍ത്തിയെ അറിയിച്ചിരുന്നു. എന്നാല്‍, ദക്ഷിണാമൂര്‍ത്തി തന്നെ സുശീലയെ മലയാളം പറയുന്ന രീതികള്‍ പഠിപ്പിക്കുകയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്തു.

അത്ഭുതകരമായി മലയാളം ഉച്ഛരിക്കാന്‍ പഠിച്ച സുശീല വൈകാതെ തന്നെ മലയാളിതകളുടെ അംഗീകാരം നേടിയെടുത്തു. മലയാളവും കന്നടയും എഴുതാനോ വായിക്കാനോ അറിയാതിരുന്ന സുശീല ആയിരത്തോളം മലയാളം പാട്ടുകള്‍ പാടിയിട്ടുണ്ട്. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് 1969, 1972, 1977, 1983, 1984 ഈ വര്‍ഷങ്ങളില്‍ സുശീലയ്ക്കു ലഭിച്ചു. മലയാളത്തിലെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് രണ്ട് തവണ നേടിയിട്ടുണ്ട്.

2001ല്‍ ആന്ധ്രാപ്രദേശ് തെലുങ്കുസിനിമകളുടെ പേരില്‍ രഘുപതി വെങ്കയ്യാ അവാര്‍ഡു നല്‍കി സുശീലയെ ആദരിച്ചു. 2005ല്‍ സ്വരലയ യേശുദാസ് അവാര്‍ഡ്, 2006ല്‍ ഫിലിം ഫെയര്‍ അവാര്‍ഡ്, 2008ല്‍ പത്മഭൂഷണ്‍ എന്നീ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സംഗീത ലോകത്തിന് എന്തെങ്കിലും സംഭാവന നല്‍കണം എന്ന ആഗ്രഹത്തോടെ പി.സുശീല അവാര്‍ഡ് എന്നൊരു ട്രസ്റ്റ് രൂപീകരിച്ചു. എം.എസ് വിശ്വനാഥന്‍, വൈരമുത്തു, ബാലസരസ്വതീ ദേവി, ജമുനാറാവു എന്നിവര്‍ ഈ ട്രസ്റ്റിലെ അംഗങ്ങളാണ്. 2010ല്‍ ‘പി സുശീല അവാര്‍ഡ്’ യേശുദാസിന് ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker