CrimeKeralaNews

മോഷ്ടിച്ച ന്യൂജെൻ ബൈക്കുകളിൽ കറങ്ങി നടന്ന് അമ്പലങ്ങളിൽ മോഷണം ; യുവാക്കൾ പിടിയിൽ

കോഴിക്കോട്: മോഷ്ടിച്ച ന്യൂജെൻ ബൈക്കുകളിൽ രാത്രികാലങ്ങളിൽ കറങ്ങി നടന്ന് അമ്പലങ്ങളിൽ മോഷണം നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. ചക്കുംകടവ് അമ്പലത്താഴം എം പി ഹൗസിൽ മുഹമ്മദ് ഷിഹാൽ, ചക്കുംകടവ് അമ്പലത്താഴം എം പി ഹൗസിൽ ഫാസിൽ, കുറ്റിക്കാട്ടൂർ കുഴ്മഠത്തിൽ മേത്തൽ മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്ക്വാഡും എലത്തൂർ പൊലീസും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അന്തർജില്ലാ വാഹനമോഷണ സംഘത്തിലെ മുഖ്യ ആസൂത്രകനെ ക്രൈം സ്ക്വാഡും കസബ സബ് ഇൻസ്പെക്ടർ അഭിഷേകും ചേര്‍ന്ന് കഴിഞ്ഞ ദിവസം പിടികൂടിയതിനെ തുടർന്ന് സിറ്റിയിലെ വാഹനമോഷണ സംഘങ്ങളെ ക്രൈം സ്ക്വാഡ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായവർ. വാട്ട്സാപ്പിൽ വൈറലായ മാറാട് താഴത്തുംകണ്ടി അമ്പലമോഷണം നടത്തിയത് ഇവരാണെന്ന് സമ്മതിച്ചു. അമ്പലമോഷണം നടത്തുന്നതിനായി പാലോറ മലയിലുള്ള വീടിന്റെ മുറ്റത്ത് നി‍‍ർത്തിയിട്ടിരുന്ന പൾസർ എൻ എസ് 200 ബൈക്കും ഇവർ മോഷ്ടിച്ചിരുന്നു. പ്രതികളിൽ നിന്ന് ഈ ബൈക്കും കണ്ടെടുത്തു.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലും അമ്പലമോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. ആവശ്യം കഴിഞ്ഞാൽ ഹൈവേയുടെ അരികിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് ഇവർ മോഷ്ടിച്ച വാഹനങ്ങൾ ഉപേക്ഷിക്കുന്നത്. എലത്തൂർ സബ് ഇൻസ്‌പെക്ടർ രാജേഷ്, ഡൻസാഫ് അസിസ്റ്റന്റ് എസ്‌ ഐ മനോജ് എടയേടത്ത്, സി പി ഒ ജിനേഷ് ചൂലൂർ, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, ഷാഫി പറമ്പത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ ആമോസ് മാമ്മന്റെ നിർദ്ദേശപ്രകാരം സിറ്റി ക്രൈം സ്‌ക്വാഡ് നഗരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന വാഹനമോഷണങ്ങൾ അന്വേഷിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker