ജനങ്ങളെ കബളിപ്പിക്കുന്നു, വഴിതെറ്റിക്കുന്നു; അല്ലു അർജുനെതിരെ പൊലീസിൽ പരാതി
ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. പുഷ്പ-ദ റൈസിലൂടെ ഉത്തരേന്ത്യയിലും തരംഗം സൃഷ്ടിച്ച താരം ഇപ്പോൾ ചെറിയൊരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ്. അല്ലു അർജുൻ അഭിനയിച്ച പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്നുപറഞ്ഞ് പോലീസിൽ കേസുകൊടുത്തിരിക്കുകയാണ് ഒരു സാമൂഹ്യ പ്രവർത്തകൻ.
താരം ഈയിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. ഈ പരസ്യമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കോത്ത ഉപേന്ദർ റെഡ്ഡി എന്ന സാമൂഹ്യ പ്രവർത്തകനാണ് പരസ്യത്തിനും താരത്തിനുമെതിരെ രംഗത്തെത്തിയിരിക്കുന്നത്. പരസ്യം ആളുകളെ വഴിതെറ്റിക്കുന്നതാണെന്നും തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും റെഡ്ഡി ആരോപിക്കുന്നു. ഇതിനെതിരെ ആമ്പർപേട്ട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അദ്ദേഹം.
ജനങ്ങളെ കബളിപ്പിച്ചതിന് അല്ലു അർജുനേയും വിദ്യാഭ്യാസ സ്ഥാപനത്തേയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോത്ത ഉപേന്ദർ റെഡ്ഡി ആവശ്യപ്പെട്ടു. ഒരു ഫുഡ് ഡെലിവറി ആപ്പിനുവേണ്ടി പരസ്യം ചെയ്തതിന് അല്ലു അർജുൻ നേരത്തെ തന്നെ അപവാദങ്ങൾ നേരിട്ടിരുന്നു. സർക്കാർ ട്രാൻസിറ്റ് സേവനങ്ങളെ അവഹേളിച്ചുകൊണ്ട് നിർമിച്ച ബൈക്ക് ആപ്പ് പരസ്യത്തിലഭിനയിച്ചതിനും അദ്ദേഹത്തിന് താക്കീത് ലഭിച്ചിരുന്നു.