NationalNews

വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന് ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതി; മുൻ ഡിജിപി അറസ്റ്റിൽ

ചെന്നൈ: വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന മുൻ ഭാര്യയുടെ പരാതിയിൽ മുൻ ഡി ജി പി അറസ്റ്റിൽ. തമിഴ്‌നാട്ടിലാണ് സംഭവം. മുൻ സ്‌പെഷ്യൽ ഡി ജി പി രാജേഷ് ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌‌തത്. ഐ എ എസ് ഉദ്യോഗസ്ഥയും ഊർജ വകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേഷിന്റെ പരാതിയിലാണ് നടപടി.

ഐ പി എസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ രാജേഷ് ദാസ് ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഇരുവരുടെയും പേരിലുള്ള ബംഗ്ലാവിലാണ് രാജേഷ് ദാസ് താമസിച്ചിരുന്നത്. എന്നാൽ, രാജേഷ് ദാസ് ഒളിവിൽ പോയപ്പോൾ ബീല വെങ്കടേഷ് പുതിയ പൂട്ടുവാങ്ങി ബംഗ്ലാവ് അടച്ചിടുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്‌തു. തിരികെ എത്തിയ രാജേഷ്, സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി അകത്ത് കയറുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്തെന്നാണ് ബീലയുടെ പരാതി.

രാജേഷ് ദാസിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബീല വെങ്കിടേശൻ വിച്ഛേദിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബീല അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ആരോപിച്ച് രാജേഷ് ദാസ് രംഗത്തെത്തിയെങ്കിലും വീടിരിക്കുന്ന ഭൂമിയും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്ന് അവർ പ്രതികരിച്ചു. അനാവശ്യമായി പണം ചെലവാക്കാൻ ആഗ്രിഹക്കാത്തതിനാലാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും ബീല വ്യക്തമാക്കിയിരുന്നു.

രാജേഷ് ദാസ് ആ വീട്ടിൽ താമസിക്കുന്നതിന്റെ തെളിവ് സമർപ്പിക്കാൻ മതിയായ സമയം നൽകിയെങ്കിലും പ്രതികരിക്കാതിരുന്നതിനാലാണ് നടപടി. വീട് നിർമിക്കാൻ ഇരുവരും ചേർന്നാണ് വായ്‌പയെടുത്തതെന്നും ബീല പറഞ്ഞു. അതിനിടെ , തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന ബീലയുടെ പരാതിയിൽ രാജേഷിനെതിരെ അഞ്ച് വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടായിരുന്നു.

2021ൽ ഐ പി എസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ച കേസിൽ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് 2023 ൽ വില്ലുപുരം വിചാരണ കോടതി വിധിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികളും തള്ളി. ഈ വിധിക്കെതിരെ രാജേഷ് ദാസ് ഹർജി നൽകിയെങ്കിലും മദ്രാസ് ഹൈക്കോടതി തള്ളി. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചു. ഹർജി കോടതിയുടെ പരിഗണനയിലായതിനാൽ മേയ് 17 ന് രാജേഷ് ദാസിന്റെ അറസ്റ്റ് താൽക്കാലികമായി സ്റ്റേ ചെയ്‌തിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button