വിധുവിന് ഡബ്ല്യൂ.സി.സി വിട്ട് പോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല; ആരുടെയെങ്കിലും കൂടെ വര്‍ക്ക് ചെയ്യരുതെന്ന് പറയുന്നത് സംഘടനയുടെ നയമല്ലെന്ന് റിമ കല്ലിങ്കല്‍
കോഴിക്കോട്: ഡബ്ല്യു.സി.സിയില്‍ നിന്നു വിധു വിന്‍സെന്റ് രാജിവെച്ച വിഷയത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. ഒരു വ്യക്തിയെന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും ഒരു ഫെമിനിസ്റ്റ് എന്ന നിലയിലും വിധുവിന് ഡബ്ല്യു.സി.സിയില്‍ നിന്ന് വിട്ടുപോകാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് റിമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഡബ്ല്യു.സി.സിയെ ബില്‍ഡ് ചെയ്തതില്‍ വിധുവിന്റെ കോണ്‍ട്രിബ്യൂഷന്‍ ഒരിക്കലും മായ്ച്ച് കളയാന്‍ പറ്റില്ലെന്നും ആഴത്തിലുള്ള വേദനയുടേതായ ഒരു പരിസരത്തുനിന്നു കൂടിയാണ് വിധു ഇപ്പോള്‍ സംസാരിക്കുന്നത് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും റിമ പറഞ്ഞു. വിധുവിനോട് ആരുടെയെങ്കിലുമൊപ്പം വര്‍ക്ക് ചെയ്യരുത് എന്ന് തങ്ങള്‍ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് ഉണ്ടാക്കിയെടുക്കുന്ന നരേറ്റീവുകളെല്ലാം തെറ്റാണെന്നും അതെല്ലാം കളവാണെന്നും റിമ പറയുന്നു.
‘ഇന്‍ഡസ്ട്രിയില്‍ ആര്‍ക്കും ആരുടെ കൂടെയും വര്‍ക്ക് ചെയ്യാം. അത്ര ചെറിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. വിധുവിന് അവരുടെ പ്രൊഡ്യൂസര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള ചോയ്സിനെ ഡബ്ല്യു.സി.സി ചോദ്യം ചെയ്തു എന്ന ആരോപണം തെറ്റാണ്. എന്നാല്‍ സ്റ്റാന്റപ്പിന്റെ പോസ്റ്ററില്‍ അദ്ദേഹത്തിന്റെ പേര് കണ്ടപ്പോള്‍ അകത്തു നിന്നും പുറത്തു നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഞങ്ങള്‍ക്ക് വിധുവിന്റെ വേര്‍ഷന്‍ അറിയണമായിരുന്നു. അത് സംഘടനയ്ക്കുള്ള വിശദീകരണം എന്ന നിലയിലല്ല. കൂടെ പ്രവര്‍ത്തിച്ച, എന്ത് വില കൊടുത്തും അവര്‍ വിജയിക്കണം എന്ന് ആഗ്രഹിച്ച സ്ത്രീകള്‍ എന്ന നിലയിലാണ്.’, റിമ പറഞ്ഞു.
ഉയരെ എന്ന പടത്തില്‍ സിദ്ദിഖിനൊപ്പം പാര്‍വ്വതി എങ്ങനെയാണ് അഭിനയിച്ചതെന്നും അപ്പോള്‍ തോന്നാത്ത കോണ്‍ഫ്‌ളിക്ട് എന്തുകൊണ്ടാണ് ഇപ്പോള്‍ തോന്നുന്നത് എന്ന വാദമായിരുന്നല്ലോ വിധു ഉന്നയിച്ചത് എന്ന ചോദ്യത്തിന്, അങ്ങനെ പാര്‍വതിയും സിദ്ദിഖും ഒരുമിച്ച് അഭിനയിക്കാന്‍ പാടില്ല എന്ന് ഡബ്ല്യു.സി.സി പാര്‍വതിയോട് പറഞ്ഞിട്ടില്ലെന്നും വിധുവിനോടും അങ്ങനെ പറഞ്ഞിട്ടില്ലെന്നുമായിരുന്നു റിമയുടെ മറുപടി.