33.4 C
Kottayam
Monday, May 6, 2024

‘കേരളത്തിലെ ഏഴോളം കോൺഗ്രസ്-സി.പി.എം.നേതാക്കളുമായി ചർച്ചനടത്തി’; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

Must read

പാലക്കാട്: കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളുമായി ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് ചര്‍ച്ചനടത്തിയെന്ന് ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഇ.പി. ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ഒരു ഓഫറും നല്‍കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

‘കേരളത്തിലെ ഏഴോളം പ്രഗത്ഭരായ നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അതില്‍ കോണ്‍ഗ്രസില്‍നിന്നുള്ള നേതാക്കളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുമുണ്ട്. പാര്‍ട്ടി മെഷിനറി ആവശ്യപ്പെട്ടതുപ്രകാരമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഞാന്‍ മുന്നോട്ട് പോയത്. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. കടന്നുവരുമെന്ന് പറയുന്നത് ആ ചര്‍ച്ചയുടെയൊക്കെ വെളിച്ചത്തിലാണ്’, ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ഇ.പി. ജയരാജന്‍-പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച സംബന്ധിച്ച വിവാദം തുടരുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്റെ പുതിയ വെളിപ്പെടുത്തല്‍. പോളിങ് ദിനമായ വെള്ളിയാഴ്ച രാവിലെയാണ് തന്റെ മകന്റെ ഫ്‌ളാറ്റിലെത്തി ജാവഡേക്കര്‍ തന്നെ കണ്ടുവെന്ന് ഇ.പി. ജയരാജന്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇക്കാര്യം ദല്ലാള്‍ നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രൂക്ഷമായ ഭാഷയിലാണ് ജയരാജന്റെ വെളിപ്പെടുത്തലിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഇത്തരം കാര്യങ്ങളില്‍ ജയരാജന് വേണ്ടത്ര ജാഗ്രതയില്ലെന്ന് പറഞ്ഞ പിണറായി, പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും എന്ന പഴഞ്ചൊല്ലും പറഞ്ഞു. എന്നാല്‍, ജയരാജനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സ്വീകരിച്ചത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

പോളിങ് ദിനത്തില്‍ അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധം ശക്തമായി പ്രയോഗിക്കുകയാണ് യു.ഡി.എഫ്. മുഖ്യമന്ത്രിയെ തന്നെ ലക്ഷ്യമിട്ടായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. ഇ.പി. ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പറഞ്ഞ സതീശന്‍, യഥാര്‍ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാകുമെന്നും പറഞ്ഞു. ഒരു സീറ്റും ജയിക്കില്ലെന്ന് ഉറപ്പുള്ള മുഖ്യമന്ത്രി ജയരാജനെ ബലിയാടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week