25.3 C
Kottayam
Monday, May 27, 2024

വ്യാജ ബലാത്സംഗക്കേസ്: പ്രതി ജയിൽവാസം അനുഭവിച്ച അതേ കാലയളവ് യുവതിയും തടവിൽകഴിയണമെന്ന് കോടതിവിധി

Must read

ലഖ്‌നൗ: ബലാത്സംഗക്കേസില്‍ തെറ്റായ മൊഴി നല്‍കിയതിന് യുവതിയെ ശിക്ഷിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ബരേയ്‌ലിയിലെ കോടതിയാണ് 21-കാരിയെ 1653 ദിവസത്തെ (നാലുവര്‍ഷവും ആറുമാസവും എട്ടുദിവസവും) തടവിന് ശിക്ഷിച്ചത്. ബലാത്സംഗക്കേസിലെ പ്രതിയായിരുന്ന യുവാവ് ജയില്‍വാസം അനുഭവിച്ച അതേ കാലയളവ് തന്നെ യുവതിയും തടവ് അനുഭവിക്കണമെന്നായിരുന്നു കോടതി വിധി. ഇതിനുപുറമേ 5.88 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി യുവതി തടവ് അനുഭവിക്കണം.

യുവതിയെ തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും ആരോപിച്ച് 2019-ലാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗക്കേസില്‍ 25-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണയ്ക്കിടെ ഇരയായ യുവതി നേരത്തെ നല്‍കിയ മൊഴി മാറ്റി. 25-കാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള വാദവും നിഷേധിച്ചു.

ഇതോടെയാണ് തെറ്റായ മൊഴി നല്‍കിയതിനും വ്യാജ തെളിവുണ്ടാക്കിയതിനും ഐ.പി.സി. 195 പ്രകാരം യുവതിക്കെതിരേ കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് കേസില്‍ യുവതിയെ കോടതി ശിക്ഷിച്ചത്.

യുവതി മൊഴി മാറ്റിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായിരുന്ന 25-കാരനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ബലാത്സംഗക്കേസില്‍ 25-കാരന്‍ ജയിലില്‍ കിടന്ന അതേ കാലയളവ് തന്നെയാണ് യുവതിക്കും തടവ് വിധിച്ചിരിക്കുന്നത്. ഈ കാലയളവില്‍ യുവാവ് ജോലിക്ക് പോയിരുന്നെങ്കില്‍ ലഭിക്കേണ്ട വേതനമാണ് പിഴത്തുകയായി നിശ്ചയിച്ചത്. 2019 സെപ്റ്റംബര്‍ 30 മുതല്‍ 2024 ഏപ്രില്‍ എട്ടുവരെയാണ് ബലാത്സംഗക്കേസില്‍ പ്രതിയായി 25-കാരന്‍ ജയിലില്‍ കിടന്നത്.

മേഘാലയയില്‍ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്നു. ശനിയാഴ്ചയാണ് നോങ്തില്ലേ ഗ്രാമത്തില്‍ ആള്‍ക്കൂട്ടം രണ്ടുപേരെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

17-കാരിയെ വീട്ടില്‍ക്കയറി ആക്രമിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് രണ്ട് യുവാക്കളെ നാട്ടുകാര്‍ പിടികൂടിയത്. ഇരുവരും വീട്ടില്‍ അതിക്രമിച്ചുകയറി കത്തികൊണ്ട് പെണ്‍കുട്ടിയെ ആക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് നാട്ടുകാരുടെ ആരോപണം.

പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് ഇരുവരെയും പിടികൂടിയത്. പിന്നാലെ നാട്ടുകാരായ 1500-ഓളം പേർ തടിച്ചുകൂടി. തുടര്‍ന്ന് രണ്ടുപേരെയും നാട്ടുകാര്‍ സമീപത്തെ കമ്മ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെവെച്ച് ഇരുവരെയും ക്രൂരമായി മര്‍ദിച്ചെന്നാണ് പോലീസ് പറയുന്നത്.

വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് സാമുദായിക നേതാക്കളുമായി പോലീസ് ചര്‍ച്ചയാരംഭിച്ചു. ഇതിനിടെ പുറത്തുണ്ടായിരുന്ന ജനക്കൂട്ടം ഹാളിനകത്തേക്ക് ഇരച്ചുകയറുകയും യുവാക്കളെ വീണ്ടും മര്‍ദിക്കുകയുമായിരുന്നു. മാരകമായി പരിക്കേറ്റ രണ്ടുപേരെയും പോലീസ് സംഘം പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week