27.1 C
Kottayam
Tuesday, May 7, 2024

അസുഖമായി കിടക്കുകയല്ലല്ലോ പ്രാർത്ഥിക്കാൻ, ചേട്ടനൊക്കെ വീട്ടിൽ; കുടുംബം വേറെ,പ്രസ്ഥാനം വേറെ- പത്മജ

Must read

തൃശ്ശൂര്‍: തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും സഹോദരനുമായ കെ. മുരളീധരന്‍ വിജയിക്കുമെന്ന് കരുതുന്നില്ലെന്ന് പത്മജ വേണുഗോപാല്‍. തന്നെ വേണ്ട എന്നുപറഞ്ഞ സഹോദരനുവേണ്ടി താന്‍ എന്തിന് പ്രാര്‍ഥിക്കണമെന്നും പത്മജ ചോദിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.

ബി.ജെ.പി. പാര്‍ട്ടിയിലേക്ക് മാറിയശേഷമുള്ള ആദ്യവോട്ട് എന്ന പ്രത്യേകതയുണ്ട് ഇത്തവണ. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പ്രത്യേകതയാണ്. ഞാന്‍ ഏതു പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നോ അതിനുവേണ്ടിയാണ് എല്ലാക്കാലവും വോട്ട് ചെയ്തിട്ടുള്ളത്. അതിനെ എന്റെ അച്ഛന്‍പോലും ചോദ്യംചെയ്തിട്ടില്ല. ഞാന്‍ ഒരുദാഹരണം പറയാം, അച്ഛന്‍ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (ഡി.ഐ.സി.) പാര്‍ട്ടിയില്‍ അംഗമായിരുന്ന കാലം.

ആ സമയത്ത് ഞാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു. അന്ന് ഞാന്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് ചോദിക്കാതിരിക്കാനുള്ള മര്യാദ അദ്ദേഹം കാണിച്ചിരുന്നു. സ്വന്തം മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്‌തോളാനാണ് അദ്ദേഹം അന്നും പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ എന്റെ ഇഷ്ടത്തിന് വോട്ട് ചെയ്യുന്നത് എനിക്ക് പുത്തരിയല്ല, പത്മജ പറഞ്ഞു.

സഹോദരനുവേണ്ടി പ്രാര്‍ഥിക്കുമോ എന്ന ചോദ്യത്തിന്, അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ എന്നും പത്മജ പറഞ്ഞു. കുടുംബം വേറെ, പ്രസ്ഥാനം വേറെ. ഞാന്‍ ഒരിക്കലും എന്റെ സഹോദരനെ തള്ളിപ്പറഞ്ഞിട്ടില്ല. അദ്ദേഹം എന്റെ രക്തമാണെന്ന് എനിക്കറിയാം. പക്ഷേ, എന്നെ കാണണ്ട, ഞാന്‍ സഹോദരിയല്ല, എന്നെ വേണ്ട എന്നൊക്കെ അദ്ദേഹമാണ് പറഞ്ഞത്. അങ്ങനെ ഒരാളുടെ വിജയത്തിനുവേണ്ടി ഞാന്‍ എന്തിന് പ്രാര്‍ഥിക്കണം.

ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടിലാണ്. പൊതുപ്രവര്‍ത്തനത്തില്‍ അതൊന്നും ബാധകമല്ല. ഇത് തിരഞ്ഞെടുപ്പാണ്. അതില്‍ ഒരാള്‍ ജയിക്കുമ്പോള്‍ മറ്റൊരാള്‍ തോല്‍ക്കണമല്ലോ. എന്റെ ജേഷ്ഠന്‍ തോല്‍ക്കും എന്ന് ഞാന്‍ പറയില്ല. പക്ഷേ, സുരേഷ് ഗോപി വിയജിക്കും എന്ന് ഞാന്‍ നൂറുശതമാനം വിശ്വസിക്കുന്നു. അത്രയേ ഇപ്പോള്‍ പറയാന്‍ പറ്റൂ. എന്തെങ്കിലും ഉറപ്പിച്ചുപറയാന്‍, അല്ലെങ്കില്‍ പ്രവചിച്ച് പറയാന്‍ ഞാന്‍ ജ്യോത്സ്യം പഠിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week