29.5 C
Kottayam
Monday, May 6, 2024

ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുകള്‍, ഇന്ത്യ അടുത്തൊന്നും കരകയറില്ല; ശ്രീനിവാസൻ

Must read

കൊച്ചി:താന്‍ ജനാധിപത്യത്തിന് എതിരാണെന്നും ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുകളുണ്ടെന്നും നടന്‍ ശ്രീനിവാസന്‍. ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ലെന്നും ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വില കുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെയെന്നും ശ്രീനിവാസന്‍ പറഞ്ഞു. കണ്ടനാട് സെന്റ് മേരീസ് സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനിവാസന്റെ വാക്കുകള്‍:
ഇതു നമുക്കുതന്നെ എതിരായിട്ടുള്ള ജനവിധിയാണ്. ഏത് പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കും. ഞാന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുകളുണ്ട്. അതാണ് എനിക്ക് താത്പര്യം ഇല്ലാത്തത്. ജനാധിപത്യത്തിന്റെ മോഡല്‍ ആദ്യം ഉണ്ടായത് ഗ്രീസിലാണെന്ന് പറയുന്നു. നമ്മളേക്കാള്‍ ബുദ്ധിയുണ്ടെന്നു കരുതുന്ന സോക്രട്ടീസ് അന്നു പറഞ്ഞത്, കഴിവുള്ളവരെ ജനങ്ങള്‍ വോട്ടു ചെയ്ത് തിരഞ്ഞെടുക്കുന്നു, പക്ഷേ, ഈ വോട്ടു ചെയ്യുന്നവര്‍ക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട്, വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. വിലകൂടിയ വിഷം കഴിക്കുന്നത് ആര്‍ഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്.

ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ഞാന്‍ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ മോശമായി പറഞ്ഞപ്പോള്‍ ദുബായില്‍ നിന്ന് ലീവിനു വന്ന ഒരാള്‍ ചോദിച്ചു; എന്തെങ്കിലും ഒരു വ്യവസ്ഥിതിയില്ലാതെ എങ്ങനെ ശരിയാകുമെന്ന്. ഞാന്‍ പറഞ്ഞു, ദുബായില്‍നിന്നു വന്ന ഒരാള്‍ എന്നോട് ഇങ്ങനെ ചോദിക്കരുത്. ദുബായിലുള്ള ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ജനാധിപത്യ വിശ്വാസിയാണോ? ഏതെങ്കിലും പാര്‍ട്ടിയുടെ ആളാണോ? ഒന്നുമല്ലല്ലോ. നാടിനോടും ജനങ്ങളോടും അല്‍പം സ്‌നേഹം വേണം..

സുരേഷ് ഗോപി വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടമുള്ള ആളാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് എനിക്ക് താത്പര്യമില്ല. പക്ഷേ, അദ്ദേഹത്തോട് എനിക്ക് താത്പര്യമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week